എസ്.ഐയുടെ തൊപ്പിവെച്ച് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഒരു കോട്ടയം സെൽഫി...
ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലായ ഡി.വൈ.എഫ്.ഐ നേതാവിന്റെ സെൽഫി വിവാദമാകുന്നു. കോട്ടയം ഈസ്‌റ്റ് പൊലീസ് സ്റ്റേഷനിൽ എസ്.ഐയുടെ തൊപ്പി തലയിൽവച്ച് നിൽക്കുന്ന സെൽഫിയാണ് വാട്സ് ആപ്പിലൂടെ പ്രചരിക്കുന്നത്. കുമരകത്തെ അക്രമവുമായി ബന്ധപ്പെട്ട് പിടിയിലായ ഡി.വൈ.എഫ്.ഐ നേതാവ് കിഴക്കുംഭാഗം തൈപ്പറമ്പിൽ മിഥുനാണ് (അമ്പിളി – 23) ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എസ്.ഐയുടെ തൊപ്പി തലയിൽ വച്ച് ചിത്രമെടുത്തത്. ഒപ്പം ‘ഇതാണ് പിണറായിയുടെ പൊലീസ് ‘ എന്ന കാപ്ഷനും.
കഴിഞ്ഞ ദിവസം കുമരകത്ത് നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലന തുഴച്ചിലിനിടെയാണ് ബി.ജെ.പി ഏറ്റുമാനൂർ നിയോജക മണ്ഡലം സെക്രട്ടറി ആന്റണി അറയിൽ, ബി.എം.എസ് കുമരകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മഹേഷ് എന്നിവർക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ ഞായറാഴ്‌ച അർദ്ധരാത്രിയോടെ അമ്പിളി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
പന്ത്രണ്ടരയോടെ സ്റ്റേഷനിലെത്തിയ അമ്പിളി, പുലർച്ചെ 1.53 നാണ് സ്റ്റേഷനിൽ നിന്നുള്ള സെൽഫി ‘നവകേരളം’, ‘ഡി.വൈ.എഫ്.ഐ തിരുവാർപ്പ് ‘ തുടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തത്. ഈസ്റ്റ് സി.ഐ സാജു വർഗീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അമ്പിളിയെ കുമരകം പൊലീസിനു കൈമാറി. ഇന്നലെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. എന്നാൽ അമ്പിളി നാട്ടിലെത്തും മുമ്പ് സെൽഫി പോസ്റ്റ് വൈറലായി.
https://www.facebook.com/Malayalivartha