കാണാമറയത്തുള്ള പൊന്നുമോളെയോര്‍ത്ത് കുടുംബം കണ്ണീര്‍ക്കയത്തില്‍; മൂന്നരവയസ്സുകാരിയെ തിരയാന്‍ പാണത്തൂരില്‍ ഇന്ന് ദുരന്തനിവാരണ സേനയെത്തും; ഓവു ചാലില്‍ സ്‌കൂബ് ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തും!
പാണത്തൂരിൽ ഓവുചാലിൽ വീണു കാണാതായ സന ഫാത്തിമ എന്ന നാലുവയസ്സുകാരിയെ കണ്ടെത്താൻ ഇന്ന് സംസ്ഥാന ദുരന്തനിവാരണ സേനയിലെ വിദഗ്ധരെത്തുമെന്നു ജില്ലാ കലക്ടർ കെ.ജീവൻബാബു പറഞ്ഞു. രാവിലെ പാണത്തൂരിലെത്തുന്ന സംഘം ഓവുചാലിൽ കൂടി കുട്ടി ഒഴുകിപ്പോയി എന്നു പറയുന്ന ബാപ്പുങ്കയം പുഴയിൽ സ്കൂബ് ക്യാമറ ഉപയോഗിച്ചു പരിശോധന നടത്തും. വെള്ളത്തിലിറക്കുന്ന ക്യാമറയിൽ നൂറു മീറ്റർ ദൂരത്തിലുള്ള വസ്തുക്കൾ പതിയും. ഇത്തരത്തിലുള്ള പരിശോധനയിലൂടെ പുഴയിലെ അടിത്തട്ടിൽ വരെ തിരച്ചിൽ നടത്താനാകും. ഇത്തരം പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് സ്കൂബ് ക്യാമറയുടെ സഹായം തേടേണ്ടിവരുന്നത്.
വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് പാണത്തൂർ ബാപ്പുങ്കയത്തെ വീട്ടുമുറ്റത്തുനിന്നു സന ഫാത്തിമയെ കാണാതാകുന്നത്. ശക്തമായ മഴയിൽ മുറ്റത്തെ ഓവുചാലിൽ നിറയെ വെള്ളമായിരുന്നു. കുട്ടിയുടെ കുടയും ചെരിപ്പും ഓവുചാലിനു സമീപത്തുനിന്നു കണ്ടതിനാലാണ് കുട്ടി ഓവുചാലിൽ വീണ് ഒഴുകിപ്പോയതായിരിക്കാമെന്ന് പൊലീസ് പറയുന്നത്. മറ്റു രീതിയിൽ കാണാതാകാൻ സാധ്യതയില്ലെന്നും പൊലീസ് കരുതുന്നു.
കാണാമറയത്ത് ഒളിച്ചിരിക്കുന്ന പൊന്നുമോള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ഇടനെഞ്ച് പൊട്ടി കാത്തിരിക്കുകയാണ് ഇബ്രാഹിമും ഭാര്യ ഹസീനയും കുടുംബവും. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം വീട്ടുമുറ്റത്തുനിന്നും കാണാതായ സന ഫാത്തിമയെ അഞ്ചുനാള്‍ തിരഞ്ഞിട്ടും ഇതുവരെയും കണ്ടെത്താനാകാത്തത് കുടുംബത്തിന് കടുത്ത മാനസിക വിഷമമാണുണ്ടാക്കിയിരിക്കുന്നത്.
തന്റെ കൈവിരല്‍ തുമ്പില്‍ തൂങ്ങി പുഞ്ചിരിച്ചുകൊണ്ട് വീട്ടിലെത്തിയ മകളെ കണ്ണടച്ച് തുറക്കുംമുമ്പ് കാണാതായതിന്റെ നടുക്കം ഹസീനയില്‍ നിന്നും വിട്ടുമാറിയിട്ടില്ല. കരഞ്ഞ് തളര്‍ന്നുകഴിയുന്ന ഹസീനയെയും ഇബ്രാഹിമിനെയും സമാശ്വസിപ്പിക്കാന്‍ ആര്‍ക്കും ആവുന്നില്ല. ആശ്വാസവചനവുമായി എത്തുന്നവര്‍ പോലും ഇവരുടെ സങ്കടത്തിന് മുന്നില്‍ നിശബ്ദരാകുന്നു.
തീരദേശ സേന പോലും പുഴയുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പിയിട്ടും സനയെക്കുറിച്ച് തുമ്പൊന്നും ലഭിച്ചില്ല. മകള്‍ ഒരിക്കലും വെള്ളത്തില്‍ ഒഴുകിപ്പോകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇബ്രാഹിം. കാരണം മുറ്റത്ത് അല്‍പം വെള്ളം കെട്ടിക്കിടക്കുന്നത് കണ്ടാല്‍ പോലും അവള്‍ക്ക് പേടിയാണ്. ആ ഭാഗത്തേക്ക് തിരിഞ്ഞുപോലും നോക്കില്ലെന്ന് ഇബ്രാഹിം പറയുന്നു. അതുകൊണ്ട് തന്നെ വെള്ളം നിറഞ്ഞ തോടിലേക്ക് മകള്‍ ഒരിക്കലും പോകില്ലെന്ന് തന്നെയാണ് ഇബ്രാഹിം കരുതുന്നത്.
വെള്ളത്തിലേക്ക് പോകില്ല എന്ന വിശ്വാസം ഉള്ളതുകൊണ്ടു തന്നെയായിരുന്നു മുറ്റത്ത് നില്‍ക്കുകയായിരുന്ന മകളെ ഹസീനയും കാര്യമായി ശ്രദ്ധിക്കാതിരുന്നത്. ചെറിയ കുട്ടിക്ക് മുലപ്പാല്‍ നല്‍കി തിരിച്ചുവന്നപ്പോഴാണ് സനയെ കാണാനില്ലെന്നറിഞ്ഞത്. പതിവായി കളിക്കാന്‍ പോകുന്ന തൊട്ടടുത്ത മൂന്ന് വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്തതാണ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ആശങ്ക. പുഴയിൽ മൂന്നു ദിവസം അഗ്നിശമന സേനയും രണ്ട് ദിവസം നീലേശ്വരം തീരരക്ഷാ സേനയും തിരച്ചിൽ നടത്തിയെങ്കിലും സൂചനകൾ ലഭിച്ചിട്ടില്ല.
ഇതോടെയാണ് സംസ്ഥാന ദുരന്തനിവാരണ സേനയിലെ വിദഗ്ധരുടെ സേവനം ആവശ്യപ്പെട്ടത്. പി.കരുണാകരൻ എംപി ഇന്നലെ സന ഫാത്തിമയുടെ വീട്ടിലെത്തി സർക്കാരിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അന്വേഷണത്തിന് വെള്ളരിക്കുണ്ട് സിഐ എം.സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.
പാണത്തൂരിൽ സന ഫാത്തിമയെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ മാധ്യമവാർത്തകളെത്തുടർന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫിസർ എന്നിവർ 15 ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ നിർദേശിച്ചു.
https://www.facebook.com/Malayalivartha