സത്യം തെളിയിച്ച് പുറത്തിറങ്ങിയ ശേഷം മതി ഷേവിങ് എന്നാണ് ദിലീപിന്റെ നിലപാട്; ജയിലില്‍ താടിയും മുടിയും നീട്ടിവളര്‍ത്തുന്നു; പരിശോധിക്കാന്‍ ജയിലിലെത്തിയ ഡോക്ടറോട് നിലപാട് അറിയിച്ച് നടന്‍
തീര്‍ത്തും ക്ഷീണിതമായ മുഖം. ചെവിയിലെ ഫ്‌ളൂയിഡ് കുറയുന്നതും ഏകാന്തതയും താരത്തെ തളര്‍ത്തുന്നു. ജയില്‍ ഉദ്യോഗസ്ഥരും സുഹൃത്തുക്കളും ദിലീപിനെ താടിയെടുക്കാന്‍ നിര്‍ബന്ധിച്ചിട്ടും താരം വിട്ടുവീഴ്ചയ്ക്കില്ല. വിചാരണ തടവുകാര്‍ക്ക് ക്ഷൗരം ചെയ്യാനുള്ള എല്ലാ സംവിധാനവും സബ് ജയിലിലുണ്ട്. എന്നിട്ടും ദിലീപ് ഷേവ് ചെയ്യുന്നില്ല. കഴിഞ്ഞ ദിവസം അങ്കമാലിയുടെ കോടതി നടപടികളില്‍ ദിലീപ് പ്രത്യക്ഷപ്പെട്ടത് താടിയും മുടിയും നീട്ടിവളര്‍ത്തിയായിരുന്നു. തീര്‍ത്തും ക്ഷീണിതമായ മുഖം.
ജയിലിലെ താമസത്തില്‍ യാതൊരു പരാതിയും നടനില്ല. പക്ഷേ ചെവിയിലെ ഫ്‌ളൂയിഡ് കുറയുന്ന വെര്‍ടിഗോ രോഗവും ഏകാന്തതയും താരത്തെ തളര്‍ത്തുകയാണ്. ഇനിയും പത്ത് ദിവസം കഴിഞ്ഞാലേ ദിലീപിന് ജാമ്യത്തിന് എന്തെങ്കിലും സാധ്യതയുള്ളൂവെന്ന് അഡ്വക്കേറ്റും അറിയിച്ചിട്ടുണ്ട്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയാല്‍ പിന്നെ സുപ്രീംകോടതിയില്‍ പോകണം. അതിന് പിന്നേയും ആഴ്ചകളുടെ കാലതാമസം ഉണ്ടാകും. ഈ സാഹചര്യത്തില്‍ താടിയും മുടിയും വെട്ടണമെന്നാണ് സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും നിലപാട്. എന്നാല്‍ താരം വിട്ടുവീഴ്ചയ്ക്കില്ല.
സുരക്ഷാ കാരണങ്ങളാലാണ് ദിലീപിനെ സ്‌കൈപ്പ് വഴി കോടതി നടപടികളില്‍ പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ ജയിലിന് പുറത്ത് ആര്‍ക്കും ദിലീപിനെ കാണാനുമാകുന്നില്ല. ഹൈക്കോടതിയിലെ ജാമ്യ ഹര്‍ജി വാദത്തിലും നടനെ ഹാജരാക്കേണ്ടതില്ല. അതുകൊണ്ട് തന്നെ താരരാജാവിന്റെ ക്ഷീണിത മുഖം പുറത്തെത്തുന്നില്ല. താരത്തെ കാണാനെത്തുന്നവര്‍ മൊബൈലിലില്‍ ചിത്രം എടുക്കാതിരിക്കാനും ജയില്‍ അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് താടിയും മുടിയും വളര്‍ത്തിയ ദിലീപിനെ നേരിട്ട് കണ്ടിട്ടുള്ളൂ. വക്കീലന്മാര്‍ക്കും ജയില്‍ ഉദ്യോഗസ്ഥരും ദിലീപിനെ താടിയെടുക്കാന്‍ നിര്‍ബന്ധിച്ചതായാണ് സൂചന. എന്നാല്‍ പുറത്തിറങ്ങിയ ശേഷം മതി ഷേവിങ് എന്നാണ് ദിലീപിന്റെ പക്ഷം. വിചാരണ തടവുകാരെ ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുകയുമില്ല.
ദിലീപ് ജയിലിലായിട്ട് ഒരു മാസം പിന്നിടുകയാണ്. ഈ അവസരത്തില്‍ നടന്റെ ആരോഗ്യനില അതീവമോശമാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എഡിജിപി ശ്രീലേഖയുടെ ജയില്‍ സന്ദര്‍ശനത്തിനിടെ അവര്‍ക്കും ഇക്കാര്യം ബോധ്യമായി. അതോടെ സര്‍ക്കാര്‍ ഡോക്ടര്‍ ദിവസവും ദിലീപിനെ പരിശോധിക്കാനെത്തി.
നിലവില്‍ രോഗത്തില്‍ നിന്നും പൂര്‍ണ്ണമുക്തനാണ് ദിലീപ്. എന്നാല്‍ തറയിലെ ഉറക്കം പ്രശ്‌നമുണ്ടാക്കാന്‍ ഇടയുമുണ്ട്. ദിലീപിന് ഫ്‌ലൂയിഡ് കുറഞ്ഞു പോയെന്നും തല കറക്കമാണെന്നുമുള്ള റിപ്പോര്‍ട്ടുകളെ ശരി വെയ്ക്കുന്നതാണ് ജോസ് തോമസിന്റെ പോസ്റ്റ്. തനിക്ക് പരിചയമുള്ളപ്പോള്‍ മുതല്‍ ദിലീപിന് ഈ രോഗ ലക്ഷണം ഉണ്ടായിരുന്നെന്നും ജോസ് തോമസ് പറഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി 'വെര്‍ടിഗോ' എന്ന അസുഖവും ബാലന്‍സിങ് പ്രോബ്ലവും ഉള്ള ആളാണ് ഞാന്‍. ആ അസുഖത്തിന്റെ ബുദ്ധിമുട്ട് ശരിക്കും അറിയാവുന്ന ആള്‍. ഛര്‍ദിയും തലകറക്കവും തുടങ്ങിയാല്‍ മരിച്ചാല്‍മതിയെന്ന് തോന്നി പോകും. ഞാന്‍ ഇത് പറയാന്‍ കാരണം ജയിലില്‍ ദിലീപ് ഇതനുഭവിക്കുകയാണ്. സുരക്ഷ കാരണങ്ങളാല്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നില്ല. എന്ത് സുരക്ഷ. അയാള്‍ എന്താ രാജ്യം കൊള്ളയടിച്ച ആളോ ഭീകരവാദിയോ അല്ലല്ലോ. കാക്കി ദേഹത്ത് കയറിയാല്‍ മനുഷത്വം മരിക്കുമോ. കോടതി കുറ്റവാളി എന്ന് പറയും വരെ കുറ്റവാളിയല്ലാത്ത അയാള്‍ക്ക് സുരക്ഷ ഉമ്മാക്കി പറഞ്ഞു നീതി നിഷേധിക്കുന്നത് ശരിയോ? കുറ്റവാളികള്‍ക്ക് പോലും വിദഗ്ദ്ധ ചികിത്സ കൊടുക്കുന്ന നിയമം ഉണ്ടായിരിക്കെ ഇത് അനീതിയല്ലേ. ഇത് പ്രതി പട്ടികയില്‍ പൊലീസ് പേര് ചേര്‍ത്ത ആളെ സപ്പോര്‍ട്ട് ചെയ്തതല്ല.. മനുഷ്യത്വം തൊട്ടു തീണ്ടിയവര്‍ ചിന്തിക്കാന്‍ വേണ്ടി മാത്രമെന്നാണ് ജോസ് തോമസ് പറയുന്നു. നേരത്തെ ദിലീപിനെ ജയിലില്‍ കണ്ട നിര്‍മ്മാതാവ് സുരേഷ് കുമാറും രോഗത്തിന്റെ കാര്യം ശരിവച്ചിരുന്നു.
ജയിലിലെ ഏകാന്തത ദിലീപിനെ ആദ്യം വലച്ചിരുന്നു. എന്നാല്‍ നിലവില്‍ വാര്‍ഡന്മാരോടും സഹ തടവുകാരോടും നന്നായി തന്നെ ഇടപെഴുകുന്നുണ്ട്. ജയിലിലെ വിഐപി വിവാദം വാര്‍ത്തയായതോടെ പ്രത്യേക പരിഗണനകളൊന്നും നല്‍കരുതെന്ന നിര്‍ദ്ദേശം ജയില്‍ ഡിജിപി ശ്രീലേഖ സൂപ്രണ്ടിന് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദിലീപിന്റെ ചികില്‍സയുള്‍പ്പെടെ വളരെ കരുതലോടെയാണ് നടക്കുന്നത്. അതിനിടെ ദിലീപിന് രോഗമില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പൊലീസുകാരുടെ തന്ത്രമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ജാമ്യം കിട്ടാതിരിക്കാനുള്ള നീക്കമാണ് ഇത്. രോഗമില്ലെങ്കില്‍ എന്തിന് എല്ലാ ദിവസവും ഡോക്ടര്‍ ജയിലിലെത്തുന്നുവെന്നാണ് അവരുടെ ചോദ്യം. വെര്‍ടിഗോ രോഗം ദിലീപിനുണ്ട്. ഹൃദയാഘാതത്തിന് പോലും ഇത് വഴിവയ്ക്കുമെന്നതും ഏവര്‍ക്കും അറിയാം. ജയിലിലെ താമസത്തിന്റെ തുടക്കത്തിലുണ്ടായ ഈ പ്രശ്‌നം ദിലീപ് താല്‍കാലികമായി തരണം ചെയ്‌തെന്നും അവര്‍ സമ്മതിക്കുന്നു. എന്നാല്‍ രോഗം അഭിനയമായിരുന്നുവെന്ന വാദം ഗൂഢാലോചനയാണെന്ന് അവര്‍ പറയുന്നു.
ആക്രമിച്ച കേസില്‍ ദിലീപ്, പുതിയ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ളയുടെ ഓഫീസ് അറിയിച്ചു. റിമാന്‍ഡ് കാലാവധി കോടതി വീണ്ടും നീട്ടിയതിന് പിന്നാലെയാണ് ദിലീപ് പുതിയ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ദിലീപിന്റെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. ബി രാമന്‍പിള്ളയുടെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം ആലുവ സബ്ജയിലില്‍ എത്തി ദിലീപിനെ കണ്ടിരുന്നു. കേസില്‍ ദിലീപിന് എതിരായ തെളിവില്ലെന്നാണ് മുതിര്‍ന്ന അഭിഭാഷകന്റെ വിലയിരുത്തല്‍. പൊലീസിലെ ചേരി തിരിവാണ് ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്. പള്‍സര്‍ സുനിയുടെ മൊഴിയല്ലാതെ ഒന്നും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ കേസിലെ വിധി ദിലീപിന് അനുകൂലമാകും. എന്നാല്‍ കേസില്‍ ദിലീപിന് ജാമ്യം നിഷേധിക്കാനുള്ള പഴുതുകളടക്കാന്‍ പൊലീസിന് കഴിയും. അതിന് അവര്‍ ശ്രമിക്കുമെന്നും അഭിഭാഷകന് അറിയാം. അതുകൊണ്ട് തന്നെ കരുതലോടെയാകും വാദങ്ങള്‍ അവതരിപ്പിക്കുക.
ആദ്യം മജിസ്‌ട്രേട്ട് കോടതിയും പിന്നീടു ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയതാണ്. രണ്ടു ഘട്ടത്തിലും പൊലീസ് കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച കേസ് ഡയറിയാണു വാദത്തില്‍ നിര്‍ണായകമായത്. മജിസ്‌ട്രേട്ട് കോടതിയും ഹൈക്കോടതിയും ആദ്യഹര്‍ജികള്‍ തള്ളിയപ്പോള്‍ പ്രതികള്‍ക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകനായ രാംകുമാറിനെ ദിലീപ് മാറ്റുകയും അഡ്വ. രാമന്‍പിള്ളയെ വക്കാലത്ത് എല്‍പ്പിക്കുകയും ചെയ്തത്. ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ അന്ന് നിരത്തിയ പ്രധാന വാദങ്ങളിലൊന്ന് കൃത്യത്തിനുപയോഗിച്ച മൊബൈല്‍ഫോണ്‍ കണ്ടെത്താനുണ്ടെന്നായിരുന്നു. കൂടാതെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലാണെന്നും അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതിന് മുന്‍പ് ദിലീപിന് ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു. എന്നാല്‍ ഈ രണ്ട് കാര്യങ്ങളിലും തീര്‍പ്പുണ്ടാക്കി. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നടന്‍ നാളത്തെ കാര്യമോര്‍ത്ത് തികഞ്ഞ പ്രതീക്ഷയിലാണ്.
https://www.facebook.com/Malayalivartha