എസ്പി യതീഷ് ചന്ദ്രയെ ഞെട്ടിച്ച് ഏഴുവയസ്സുകാരൻ അലൻ
പുതുവൈപ്പ് സമരക്കാർക്കെതിരായ പൊലീസ് അതിക്രമം പരിഗണിക്കുന്ന മനുഷ്യാവകാശ കമ്മിഷന്റെ സിറ്റിങ് കൗതുകക്കാഴ്ചകൾക്കു വേദിയായി. പൊലീസ് നടപടിയെ ന്യായീകരിച്ചു വാദിച്ച എസ്പി യതീഷ് ചന്ദ്രയ്ക്ക് നേരിടേണ്ടിവന്നത് അപ്രതീക്ഷിത എതിരാളിയെ ആയിരുന്നു.
ഔദ്യോഗിക ജീവിതത്തിൽ ഇതുവരെ ഇങ്ങനൊരു ചെറുത്തുനിൽപ് യതീഷ് ചന്ദ്ര നേരിട്ടിട്ടുണ്ടാവില്ല. അത്രയ്ക്കു കൃത്യവും അപ്രതീക്ഷിതവുമായിരുന്നു ഏഴുവയസുകാരന്റെ രംഗപ്രവേശം. ഹൈക്കോടതിക്കു മുന്നിൽ സംഘടിച്ച സമരക്കാർ പ്രധാനമന്ത്രിയുടെ സന്ദർശത്തിനു മുന്നോടിയായുള്ള ട്രയൽ റണ്‍ തടസപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ഇടപെട്ടത് എന്നായിരുന്നു പൊലീസ് വാദം. മാതാപിതാക്കൾക്കൊപ്പം സമരത്തിനെത്തിയ തന്നെയും സഹോദരനെയും പൊലീസ് തല്ലിയെന്ന് കമ്മിഷനെ സാക്ഷിയാക്കി അലൻ ആവർത്തിച്ചു.
അഭിഭാഷകന്റെ സഹായമില്ലാതെയായിരുന്നു യതീഷ് ചന്ദ്രയുടെ വാദം. ആരെയും ഉപദ്രവിച്ചിട്ടില്ല. മിതമായ ബലപ്രയോഗം മാത്രമാണ് ഉണ്ടായതെന്നും അന്നത്തെ ഡിസിപിയെന്ന നിലയിൽ പൊലീസ് നടപടിക്കു നേതൃത്വം നൽകിയ യതീഷ് വാദിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സന്തോഷം മാത്രമാണെന്നും ചിരികളികളോടെയാണ് അവർ നിൽക്കുന്നതെന്നും സമരമുഖത്തുനിന്നുള്ള വിഡിയോ കാട്ടി യതീഷ് ചന്ദ്ര പറഞ്ഞപ്പോൾ പുതുവൈപ്പിൽനിന്നെത്തിയവർ ശക്തിയുക്തം എതിർത്തു.
ഹാജരാക്കിയ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങളുടെ ആധികാരികതയിൽ ഇരുപക്ഷവും പരാതി ഉന്നയിച്ചതോടെ കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കാൻ കമ്മിഷൻ തീരുമാനിച്ചു. കേസ് അടുത്തമാസം വീണ്ടും പരിഗണിക്കാനായി മാറ്റിവച്ചു.
https://www.facebook.com/Malayalivartha