നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ കുറ്റപത്രം തയ്യാറാവുന്നു; ദിലീപ് രണ്ടാം പ്രതി, 'മാഡ'ത്തെ അന്വേഷിക്കേണ്ടെന്ന് നിര്‍ദേശം
യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിനെ രണ്ടാം പ്രതിയാക്കി പൊലീസിന്റെ കുറ്റപത്രം തയ്യാറാവുന്നു. നടിയെ ഉപദ്രവിച്ച സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ഒന്നാം പ്രതിയായി തുടരും. കേസില്‍ സുനില്‍കുമാറിനു ക്വട്ടേഷന്‍ നല്‍കിയതും ഗൂഢാലോചനയില്‍ പങ്കാളിയായതിനുമാണു ദിലീപിനെ രണ്ടാം പ്രതിയാക്കുന്നത്.
ദിലീപ് അറസ്റ്റിലായി ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ അന്വേഷണത്തില്‍ വലിയ മുന്നേറ്റമാണു പൊലീസുണ്ടാക്കിയത്. ഇത്തരം അതീവ ഗൗരവ സ്വഭാവമുള്ള കേസുകളില്‍ പ്രതിയെ 90 ദിവസം വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിച്ച് അന്വേഷണം നടത്താന്‍ പൊലീസിനു നിയമപരമായി അവകാശമുണ്ട്. കേസിലെ നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി കുറ്റസമ്മത മൊഴി നല്‍കിയ രണ്ട് അഭിഭാഷകരില്‍ ആരെങ്കിലും കേസിലെ മാപ്പുസാക്ഷിയായേക്കാം. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. രണ്ട് അറസ്റ്റുകള്‍ കൂടി ഉണ്ടാവുമെന്ന സൂചനയുമുണ്ട്.
പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റപത്രം തയ്യാറാക്കിയ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ തന്നെയാണ് ഈ കേസിലും കുറ്റപത്രം തയ്യാറാക്കുന്നത്. പ്രതികളുടെ ഗൂഢാലോചന സംബന്ധിച്ച വ്യക്തമായ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതോടെയാണു പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. കേസിന്റെ ആദ്യഘട്ടം മുതല്‍ കേട്ടിരുന്ന 'മാഡം' എന്ന കഥാപാത്രത്തെ കണ്ടെത്താന്‍ ഈ ഘട്ടത്തില്‍ ശ്രമിച്ചു സമയം നഷ്ടപ്പെടുത്തേണ്ടെന്നാണു പൊലീസിനു ലഭിച്ച നിര്‍ദേശം.
അതേസമയം, മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നാലും അഞ്ചും പ്രതികളും മഴുവന്നൂര്‍ സ്വദേശികളുമായ അബിന്‍ കുര്യാക്കോസ്, ബിബിന്‍ പോള്‍ എന്നിവരാണു ജാമ്യത്തിനെത്തിയത്.
https://www.facebook.com/Malayalivartha