കർഷക തൊഴിലാളികൾക്ക് സർക്കാർ പതിച്ചു നൽകിയ ഭൂമി തോമസ് ചാണ്ടിയും മകനും വാങ്ങി കൂട്ടി ; ഒടുവിൽ ഏക്കർ കണക്കിന് ഭൂമി മണ്ണിട്ട് നികത്തുന്നു
മിച്ചഭൂമിയായി കർഷക തൊഴിലാളികൾക്ക് സർക്കാർ പതിച്ച് നൽകിയ ഏക്കർ കണക്കിന് ഭൂമി ലേക് പാലസ് റിസോർട്ട് കമ്പനിയായ വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടെ പേരിൽ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നു. വേമ്പനാട്ട് കായലിന്റെ പ്രധാന ഭാഗത്ത് കായലിനോട് ചേർന്നുള്ള കൃഷിഭൂമിയായ മാർത്താണ്ഡം കായലിലാണ് എല്ലാ നിയമങ്ങളും അവഗണിച്ചുകൊണ്ട് മന്ത്രി തോമസ് ചാണ്ടിയുടെ നികത്ത്.
മിച്ച ഭൂമിയായി കിട്ടിയ കർഷകർക്ക് താമസിക്കാനായി കായലിൽ നിന്നും 17 മീറ്റർ വരെ ദൂരത്തിൽ നികത്താമെന്ന പഴയ ഉത്തരവിന്റെ മറവിൽ 40 മീറ്ററിലേറെ ദൂരത്തിലാണ് തോമസ് ചാണ്ടി നികത്തുന്നത്. ഇതിനിടയിൽ ഉണ്ടായിരുന്ന രണ്ട് മീറ്റർ വീതിയുള്ള സർക്കാർ റോഡും കയ്യേറി നികത്തി. നികത്തുന്ന ആറ് ഏക്കർ ഭൂമിയിൽ അഞ്ച് ഏക്കറും കൃഷി ചെയ്തിരുന്ന ഭൂമിയാണ്. നികത്തലിനെതിരെ പരാതി കൊടുത്ത വാർഡ് മെമ്പർക്കെതിരെ മന്ത്രിയുടെ ആൾക്കാർ പോലീസിൽ പരാതി നൽകി ഭീഷണിപ്പടുത്തുകയും ചെയ്തു.
1943 ലാണ് വേമ്പനാട്ട് കായലിൽ നിന്ന് ബണ്ട് കെട്ടി വേർതിരിച്ച് മാർത്താണ്ഡം പാടത്ത് കൃഷി തുടങ്ങിയത്. ആകെ 540 ഏക്കർ കൃഷിഭൂമിയിൽ കർഷക തൊഴിലാളികൾക്കായി 1985ൽ 85 സെന്റും നാലാം ബ്ലോക്കിലെ ചിലയിടങ്ങളിൽ 95 സെന്റും മിച്ചഭൂമിയായി സർക്കാർ നൽകി. കായലിലെ ബണ്ടിനോട് ചേർന്ന ഈ ഭൂമിയിൽ കർഷക തൊഴിലാളികൾക്ക് വീട് വെച്ച് കൃഷിചെയ്യാനായി കായലിൽ നിന്ന് 17 മീറ്റർ ദൂരത്തിൽ നികത്താനും സർ ക്കാർ അന്ന് അനുവാദനം നൽകി. അതിനിടയിലാണ് പത്ത് വർഷങ്ങൾക്ക് മുമ്പ് മന്ത്രി തോമസ് ചാണ്ടി ഈ ഭൂമി ലേക് പാലസ് റിസോർട്ട് കമ്പനിയായ വാട്ടർവേൾഡ് ടൂറിസം കമ്പനിയുടെ പേരിൽ നിരവധി കർഷകരുടെ കയ്യിൽ നിന്നായി കമ്പനിയുടെ ചെയർമാനായിരുന്ന തോമസ് ചാണ്ടിയും മകൻ ടോബി ചാണ്ടിയും ഭൂമി വാങ്ങി..
6.2 ഏക്കർ ഭൂമി കൈയ്യിലായതോടെ തോമസ് ചാണ്ടി നികത്തിത്തുടങ്ങി. അപ്പോഴേക്കും സി.പി.എം പ്രവർ ത്തകർ ഈ ഭൂമിയിൽ കൊടിനാട്ടി. നികത്ത് തൽക്കാലം നിർത്തിയ തോമസ്ചാണ്ടി തൊട്ടടുത്ത വർഷം എൻ.സി.പിയിലെത്തിയതോടെ വീണ്ടും നികത്ത് തുടങ്ങി. ഇപ്പോൾ കൈനകരി മുണ്ടയ്ക്കൽ പാലത്തിനടുത്ത് നിന്നും മണ്ണ് എടുത്ത് യഥേഷ്ടം നികത്തുകയാണ്. കൃഷി ചെയ്യുന്ന പാടവും കായലും തമ്മിൽ വേർതിരിക്കുന്ന പാടശേഖരത്തിന്റെ പുറം ബണ്ടിന്റെ പരമാവധി വീതി മൂന്ന് മീറ്ററാണ്. പക്ഷേ ഈ മൂന്ന് മീറ്റർ മന്ത്രി തോമസ് ചാണ്ടി 36 മീറ്ററാക്കി മാറ്റി.
വേമ്പനാട്ട് കായലിന്റെ കൽക്കെട്ടിൽ നിന്ന് പതിനേഴ് മീറ്റർ വരെ നികത്തുന്നതിനുള്ള അവകാശം സർക്കാർ മിച്ചഭൂമിയായി നൽകിയ കർഷക തൊഴിലാളിക്കാണ്. അവിടെ വീട് വെച്ച് താമസിച്ച് കൃഷിചെയ്യാനുള്ള സൗകര്യത്തിനായിരുന്നു അത്.ഓരോ കർഷകന്റെയും ഭൂമിയുടെ ഇടയിലൂടെ സഞ്ചരിക്കാൻ സർക്കാർ വക റോഡുണ്ടായിരുന്നത് ഇപ്പോൾ കാണാനില്ല. ഈ ആറേക്കർ ഭൂമി മാത്രമല്ല, വേറെയും ഏക്കറുകണക്കിന് ഭൂമി വിവിധയാളുകളുടെ പേരിൽ തോമസ് ചാണ്ടി ഇവിടെ വാങ്ങിക്കൂട്ടിയെന്നും മറ്റൊരു ലേക്ക് പാലസാക്കുകയാണ് ലക്ഷ്യമെന്നും നാട്ടുകാർ ആരോപിക്കുന്നു.
കൈനകരി പഞ്ചായത്തംഗമായ വിനോദ് കൈനകരി പഞ്ചായത്ത് പ്രസിഡണ്ടിനും കൃഷി ഓഫീസർക്കും ആലപ്പുഴ ജില്ലാ കളക്ടർക്കും പരാതി കൊടുത്തു. കുട്ടനാട് തഹസിൽദാർക്ക് കൈനകരി വടക്ക് വില്ലേജോഫീസർ റിപ്പോർട്ടും നൽകിയിരുന്നു. പക്ഷേ പരാതി കൊടുത്ത വിനോദിനെ മന്ത്രിയെ ആക്ഷേപിക്കാൻ നീക്കം നടത്തിയെന്നതിന്റെ പേരിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി.
മാർത്താണ്ഡം കായലിൽ കൃഷി ചെയ്യുന്ന സ്ഥലത്ത് കോണ്ക്രീറ്റ് തൂണുകളും സ്ലാബുകളും കൊണ്ട് വേർതിരിച്ചു. പക്ഷേ ഇപ്പോൾ നികത്തുന്ന ഭൂമി പുരിയിടമെന്നാണ് റവന്യൂരേഖകളിലുള്ളത്.
https://www.facebook.com/Malayalivartha