വഴിത്തര്‍ക്കം പരിഹരിക്കാന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ 20 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന് വൃദ്ധദമ്പതികളുടെ പരാതി ; വ്യക്തി വിരോധം തീർക്കുകയാണെന്ന് ചെയര്‍പേഴ്‌സണ്‍
പത്തനംതിട്ട; വഴിത്തര്‍ക്കം പരിഹരിച്ച് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സനെ സമീപിച്ചപ്പോൾ 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണവുമായി വൃദ്ധ ദമ്പതികൾ.
പത്തനംതിട്ട നഗരസഭ 28 മത് വാര്‍ഡില്‍ വാഴപ്ലാവില്‍ വി ജി ജോസഫും കുടുംബവുമാണ് വാര്‍ഡ് കൌണ്‍സിലര്‍ കൂടിയായ നഗരസഭ അധ്യക്ഷ രജനി പ്രദീപിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ജോസഫിന്റെ പുരയിടത്തിന്റെ ഓരത്ത് കൂടിപ്പോകുന്ന 10 അടി വീതിയിലും 70 മീറ്റര്‍ നീളവുമുള്ള റോഡ് കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണയായി നഗരസഭ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിരുന്നു. കൂടാതെ രണ്ട് തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് വീട്ടുകാര്‍ക്ക് ഈ റോഡുകൊണ്ടുള്ള പ്രയോജനം ലഭിക്കുന്നുണ്ട്.
വീടിന് പിന്‍വശത്തുള്ള പുരയിടത്തില്‍ മറ്റൊരു വീട് നിര്‍മിക്കുന്നതിനായി ജോസഫും കുടുംബവും ശ്രമം ആരംഭിച്ചപ്പോഴാണ് റോഡ് ഉപയോഗിക്കുന്നതിനുള്ള അനുമതി നിഷേധിക്കപ്പെട്ടത്. റോഡ് സ്വകാര്യ റോഡാണെന്നാണ് നഗരസഭ അധ്യക്ഷ സ്വീകരിച്ച നിലപാട്. ഇത് സംബന്ധിച്ച് മുന്‍സിഫ് കോടതിയില്‍ കേസ് നടക്കുകയാണ്. കേസ് ഒത്തുതീര്‍ക്കുന്നതിനും വഴിത്തര്‍ക്കം പരിഹരിക്കുന്നതിനുമാണ് നഗരസഭ അധ്യക്ഷ രജനി പ്രദീപ് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് ആരോപണം.
എന്നാൽ തനിക്കെതിരെ വ്യക്തിവിരോധം തീര്‍ക്കുന്നതിനാണ് ആരോപണമെന്ന് രജനി പ്രദീപ് വിശദീകരിച്ചു. അതുകൊണ്ട് തന്നെ ആരോപണം തെളിയിക്കുകയാണെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് തയ്യാറാണെന്നും അവർ പറഞ്ഞു.
https://www.facebook.com/Malayalivartha