പണം വെച്ച് ചീട്ട് കളിച്ച് ഭർത്താക്കന്മാർ; എട്ടിന്റെ പണികൊടുത്ത് ഭാര്യമാരും
പണം വെച്ച് ചീട്ടുകളിച്ചതിന് എഴുമറ്റൂർ പഞ്ചായത്ത് നാലാം വാർഡിലെ ബിജെപി മെമ്പർ സന്തോഷ് സായി(38), സിപിഎം മുൻ പഞ്ചായത്ത് മെമ്പറും, കോട്ടയത്തെ സ്കൂളിലെ അദ്ധ്യാപകനുമായ ജോൺസ് വർഗീസ്(55), എന്നിവരടക്കം ആറു പേരെ പെരുമ്പട്ടി പോലീസ് കഴിഞ്ഞ ദിവസം രാത്രിയിൽ അറസ്റ്റ് ചെയ്തു. ഇവരുടെ ഭാര്യമാരാണ് ഭർത്താക്കന്മാർ പണം വെച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന വിവരം ജനമൈത്രി പോലീസിന് കൈമാറിയത്.
പെരുമ്പട്ടി ജനമൈത്രി പോലീസ് വീടുകളിൽ നടത്തിയ സർവ്വേയിലാണ് തങ്ങളുടെ ഭർത്താക്കന്മാർ പണം വെച്ച് ചീട്ടുകളിക്കാറുണ്ടെന്ന് പ്രതികളുടെ ഭാര്യമാർ പരാതി പറഞ്ഞത്. രാവിലെ കൈയിലുള്ള പണവുമായി വീട്ടിൽ നിന്നിറങ്ങുന്ന ഭർത്താക്കന്മാർ വെറും കൈയോടെയാണ് രാത്രി മടങ്ങിയെത്താറുള്ളതെന്നും ഇവർ പോലീസിനോട് പറഞ്ഞിരുന്നു. എഴുമറ്റൂർ സീനിയർ സിറ്റിസൺ ക്ലബ് കേന്ദ്രീകരിച്ച് രണ്ട് വർഷത്തിലധികമായി ചീട്ടുകളിയും ലഹരി ഉപയോഗവും നടക്കുന്നുണ്ടെന്നാണ് പോലീസ് അറിയിച്ചത്.
വിവിധ രാഷ്ട്രീയ പാർട്ടിയിലുള്ളവർ ക്ലബിൽ കളിക്കാറുണ്ടായിരുന്നതിനാൽ പോലീസ് ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ലായിരുന്നു. എന്നാൽ വീട്ടമ്മമാരുടെ പരാതി ഗൗരവമായെടുത്ത പെരുമ്പട്ടി എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്ലബിൽ റെയ്ഡ് നടത്തിയത്. രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവരെ പിടികൂടിയത് പിന്നീട് വിവാദമാകാതിരിക്കാൻ റെയ്ഡിന്റെ ദൃശ്യങ്ങൾ പോലീസ് വീഡിയോയിൽ പകർത്തിയിട്ടുണ്ട്. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
സീനിയർ സിറ്റിസൺ ക്ലബിൽ നിന്നും 14,000 രൂപയും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഇതിനു പുറമേ ക്ലബിനുള്ളിൽ നിരവധി മദ്യക്കുപ്പികളും ഹാൻസ് അടക്കമുള്ള ലഹരി വസ്തുക്കളുമുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha