കയ്യേറ്റമില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം; ഡി സിനിമാസ് ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ ദിലീപിന് തൃശൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം
ചാലക്കുടിയിലെ ദിലീപിന്റെ മള്‍ട്ടിപ്ലെക്‌സ് തീയേറ്റര്‍ ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന സര്‍വേ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ നടപടി. സര്‍ക്കാര്‍ ഭൂമിയല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ ദിലീപിന് തൃശൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. സെപ്റ്റംബര്‍ 14 ന് മുമ്പ് രേഖകള്‍ സമര്‍പ്പിക്കാനാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡി സിനിമാസിനായി സര്‍ക്കാര്‍ ഭൂമിയോ പുറംപോക്ക് ഭൂമിയോ കയ്യേറിയിട്ടില്ലെന്നും സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ദിലീപിന്റെ ഭൂമിയില്‍ അധികമായുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലാന്റ് റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഡോ.ഏ.കൗശിഗന്റെ സാന്നിധ്യത്തില്‍ തെളിവെടുപ്പ് നടക്കുന്നത്. ആദ്യ സിറ്റിങ്ങില്‍ ഭൂമിയുടെ അവകാശം സംബന്ധിച്ച വാദങ്ങള്‍ എഴുതി നല്‍കാന്‍ ഇരു കക്ഷികള്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്തിമവാദം സെപ്തംബര്‍ 14 വൈകീട്ട് 3 ന് നടക്കും. സര്‍ക്കാര്‍ ഭൂമിയിലാണ് ഡി സിനിമാസ് നിര്‍മ്മിക്കുന്നതെന്ന് കാണിച്ച് എ.സി.സന്തോഷ് ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്. ദിലീപിനു വേണ്ടി അഡ്വക്കേറ്റ് ഫിലിപ്പ് ടി വര്‍ഗ്ഗീസ്സും സന്തോഷിനു വേണ്ടി അഡ്വക്കേറ്റ് പി.എ.അയൂബ് ഖാനും ഹാജരായി.
ഡി സിനിമാസിനായി ഭൂമി കൈയേറിയെന്ന ആരോപണത്തെ തുടര്‍ന്നു റവന്യൂ, സര്‍വേ വിഭാഗങ്ങള്‍ പരിശോധന നടത്തിയിരുന്നു. പിന്നീട് നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് തീയേറ്റര്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തിരു കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005 ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് പരാതി. 35 സെന്റ് സ്ഥലം തോട് പുറമ്പോക്കാണെന്നും ബാക്കി സ്ഥലം വലിയ തമ്പുരാന്‍ കോവിലകം വകയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യാജ ആധാരങ്ങള്‍ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതില്‍ പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യൂ റിപ്പോര്‍ട്ട് മുക്കിയെന്നും നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു.
കൊച്ചി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന ഭൂമി ഊട്ടുപുരപറമ്പ് എന്ന പേരില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെട്ടതാണെന്നും പരാതിക്കാരനായ അഭിഭാഷകന്‍ കെസി സന്തോഷ് ആരോപിച്ചിരുന്നു. 1964ലെ ഉത്തരവ് പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ ഈ ഭൂമി രാജകുടുംബാംഗങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്നും പരാതിയിലുണ്ട്. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം വലിയ കോയിത്തമ്പുരാന്‍ കോവിലകത്തിന്റെ പേരിലും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തിന്റെ പേരിലുമാണ് ഭൂമി. ഇതില്‍ 35 സെന്റ് തോട് പുറമ്പോക്കാണ്. 17.5 സെന്റ് പലരില്‍ നിന്നുമായി വാങ്ങിയതാണ്. അവര്‍ക്ക് ഈ ഭൂമി എങ്ങനെ ലഭിച്ചെന്നും എങ്ങനെ കരം അടച്ചെന്നും വ്യക്തമല്ല. ഇതു സംബന്ധിച്ച രേഖകളും കാണാനില്ല.
https://www.facebook.com/Malayalivartha