ആ പണം ഞങ്ങള്‍ക്ക് വേണ്ട; തോമസ് ചാണ്ടി നല്‍കിയ അമ്പതിനായിരം രൂപ ഉഴവൂരിന്റെ ഭാര്യ മടക്കി നല്‍കി
മരണത്തിന്റെ വിവാദം അവസാനിക്കുന്നില്ല. ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ മന്ത്രി തോമസ് ചാണ്ടി നല്‍കിയ ധനസഹായം ഉഴവൂരിന്റെ കുടുംബം തിരിച്ചയച്ചു. ഉഴവൂരിന്റെ ഭാര്യ ചന്ദ്രമണിയാണ് തോമസ് ചാണ്ടി നല്‍കിയ പണം ഡിഡിയായി തിരികെ അയച്ചത്.
ഉഴവൂര്‍ വിജയന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് എന്‍സിപി പ്രവര്‍ത്തകരടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചില എന്‍സിപി നേതാക്കള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഗുരുതരമായ ആരോപണങ്ങളുയര്‍ന്നത്. ഇതിനു പിന്നാലെയാണ് ഗതാഗത മന്ത്രിയും എന്‍സിപി നേതാവുമായ തോമസ് ചാണ്ടി നല്‍കിയ പണം ഉഴവൂരിന്റെ കുടുംബം തിരികെ നല്‍കിയത്.
എന്‍സിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്‍ അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മന്ത്രി തോമസ് ചാണ്ടി അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നു. ഉഴവൂരിന്റെ മരണത്തിന് മൂന്നു ദിവസം മുന്‍പായിരുന്നു സന്ദര്‍ശനം.
കൊച്ചിയിലെ ആശുപത്രിയില്‍ ഉഴവൂരിനെ സന്ദര്‍ശിച്ച് മടങ്ങുന്നതിന് മുന്‍പാണ് തോമസ് ചാണ്ടി അദ്ദേഹത്തിന്റെ കൈയില്‍ ഒരു കവര്‍ വച്ചുകൊടുത്തത്.
തോമസ് ചാണ്ടി മടങ്ങിയ ശേഷം കവറില്‍ എന്താണെന്ന് നോക്കാന്‍ ഉഴവൂര്‍ ഭാര്യ ചന്ദ്രമണിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ചന്ദ്രമണി കവര്‍ തുറന്ന് നോക്കിയപ്പോളാണ് 50,000 രൂപയാണെന്ന് മനസിലായത്.
തോമസ് ചാണ്ടി നല്‍കിയ പണം അദ്ദേഹത്തിന് തന്നെ തിരികെ നല്‍കണമെന്ന് ഉഴവൂര്‍ വിജയന്‍ അന്നേ ഭാര്യയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് തോമസ് ചാണ്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha