കേരളത്തിൽ 250 ബാറുകൾ കൂടി തുറക്കാൻ അനുമതി
കേരളത്തിൽ 250 ബാറുകൾ കൂടി തുറക്കാൻ എക്സൈസ് വകുപ്പിന്റെ അനുമതി. എക്സൈസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടോം ജോസ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 11ന് ദേശീയ-സംസ്ഥാന പാതകളുടെ നഗരപരിധിയിലുള്ള മദ്യശാലകൾ തുറക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ നടപടി.
നേരത്തെ, സംസ്ഥാനത്തു കൂടുതൽ മദ്യവിൽപനശാലകൾ തുറക്കുന്നതിനായി കോർപറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും പരിധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതകളെ തരംതാഴ്ത്തി പുനർ വിജ്ഞാപനം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതോടെ പുതുതായി 130 മദ്യവിൽപനശാലകൾ തുറക്കാൻ കഴിയുമെന്നാണു സർക്കാർ കണക്കാക്കുന്നത്. ദേശീയ- സംസ്ഥാന പാതകളുടെ 500 മീറ്റർ ദൂരപരിധിയിൽ മദ്യശാലകൾ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കുന്നതിനാണു പാതയുടെ പദവി ഡിനോട്ടിഫൈ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചത്.
മുനിസിപ്പാലിറ്റികളും കോർപറേഷനുകളും അടക്കമുള്ള നഗര പ്രദേശങ്ങളിലെ സംസ്ഥാന പാതകളുടെ പദവി പുനർവിജ്ഞാപനം ചെയ്യുന്നത് ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകൾ നിരോധിക്കുന്ന ഉത്തരവിന്റെ ലംഘനം ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha