കോട്ടയത്ത് എം.സി റോഡില്‍ നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി, 13 പേര്‍ക്ക് പരിക്ക്
എം.സി റോഡില്‍ നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി 13 പേര്‍ക്ക് പരിക്ക്. ഇതില്‍ ഏഴുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദീപ് (43), പരമേശ്വരന്‍ നായര്‍ (68), ത്രിവിക്രമന്‍ (50), മാത്യു (36), അഷ്‌റഫ് (41), ഡെന്നീസ് ലൂക്കോസ് (28), അനില്‍ കുമാര്‍ (47) എന്നിവരെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഏറ്റുമാനൂര്‍ പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പട്ടിത്താനം റൗണ്ടാനയ്ക്ക് സമീപം ശനിയാഴ്ച പുലര്‍ച്ചെ 1.30 നായിരുന്നു അപകടം ഉണ്ടായത്. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സാണ് അപകടത്തില്‍ പെട്ടത്.
നിയന്ത്രണംവിട്ട ബസ് സമീപത്തെ കെട്ടിടത്തിന്റെ തൂണില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ ബസിന്റെ മുന്‍വശവും കെട്ടിടത്തിന്റെ വാതിലുകളും തകര്‍ന്നു. ബ്രേക്കിട്ടപ്പോള്‍ ബസിന്റെ നിയന്ത്രണം നഷ്ടമായതാകാമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha