വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷമായിട്ടും കുഞ്ഞുണ്ടായില്ല; കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയോട് ചെയ്തത്...
കുഞ്ഞുണ്ടാകാത്തതിനെ ചൊല്ലിയുള്ള വഴക്കിനൊടുവിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. കൊല്ലം കുളത്തുപ്പുഴ ടിമ്പർ ഡിപ്പോയ്ക്ക് സമീപം താമസിക്കുന്ന സുജാതയുടെ മകൾ സുനന്ദയ്ക്ക്(27) നേരെയാണ് ഭർത്താവ് ആസിഡൊഴിച്ചത്.
കണ്ണിനും മുഖത്തും മുതുകിനും സാരമായി പരിക്കേറ്റ സുനന്ദയെ കൊല്ലം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പതിനൊന്നര മണിയോടെ കുളത്തുപ്പുഴ ടിമ്പർ ഡിപ്പോയ്ക്ക് സമീപത്തുള്ള സുനന്ദയുടെ വീട്ടിൽ വെച്ചാണ് ഭർത്താവ് ബൈജു ആസിഡ് ആക്രമണം നടത്തിയത്. ബൈജുവും സുനന്ദയും തമ്മിൽ ഏഴു വർഷം മുൻപാണ് വിവാഹിതരായത്. ഏഴു വർഷമായിട്ടും കുഞ്ഞുണ്ടാകാത്തതിനെ ചൊല്ലി ഭർത്താവ് ബൈജു സുനന്ദയുമായി വഴക്കിടുന്നത് പതിവായിരുന്നു.
വിവാഹം കഴിഞ്ഞ് ഏഴു വർഷമായിട്ടും കുഞ്ഞ് ജനിക്കാത്തതിനെ തുടർന്ന് ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്നാണ് ബന്ധുക്കളും അയൽവാസികളും അറിയിച്ചത്. ഭർത്താവിന്റെ ദേഹോപദ്രവം സഹിക്കാൻ വയ്യാതായതോടെ സുനന്ദ ഭർത്താവുമായി പിണങ്ങി കുളത്തുപ്പുഴയിൽ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.
വ്യാഴാഴ്ച രാത്രിയാണ് ബൈജു സുനന്ദയുടെ വീട്ടിലെത്തുന്നത്. കന്നാസിൽ ആസിഡുമായാണ് ബൈജു വീട്ടിലെത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന സുനന്ദയെ വിളിച്ചുണർത്തിയ ബൈജു തലമുടി കുത്തിപ്പിടിച്ച് മർദ്ദിച്ചു. ഇതിനിടെയാണ് കന്നാസിൽ കരുതിയിരുന്ന ആസിഡ് സുനന്ദയുടെ ദേഹത്തൊഴിച്ചത്.
ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം കടന്നുകളഞ്ഞ ബൈജുവിനെതിരെ കുളത്തുപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ചൽ ചണ്ണപ്പേട്ട സ്വദേശിയായ ബൈജു ടൈൽസ് പണിക്കാരനാണ്.
https://www.facebook.com/Malayalivartha