രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെ കാപ്പ; പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു
കാപ്പ നിയമം ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം. നിയമഭേദഗതി ആലോചനയിലില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. കാപ്പ നിയമം ഉപയോഗിച്ച് യുവജന നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് ഇ പി ജയരാജന് പറഞ്ഞു.
ജനകീയ സമരങ്ങള്‍ നടത്തുന്ന യുവജന നേതാക്കളെ കാപ്പ നിയമം ഉപയോഗിച്ച് സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. സ്ഥാപിത താത്പര്യത്തിനായി ആഭ്യന്തര വകുപ്പ് നിയമം ദുരുപയോഗം ചെയ്യുകയാണ്. സിപിഐഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെ കേസില്‍ കുടുക്കുകയാണ്. കണ്ണൂര്‍ ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാനെ പോലും ഇത്തരത്തില്‍ കള്ളക്കേസില്‍ കുടുക്കി. കോടതി പോലും ഇവരെ വെറുതെ വിട്ടുവെന്നും വിഷയം സഭ ചര്‍ച്ച ചെയ്യണമെന്നും ഇ പി ജയരാജന് ആവശ്യപ്പെട്ടു.
എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നിയമം പ്രയോഗിക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നല്കി. രാഷ്ട്രീയപ്രവര്‍ത്തകര്‍ രാഷ്ട്രീയമാണ് പ്രവര്‍ത്തിക്കേണ്ടതെന്നും സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാപ്പ നിയമം ഭേദഗതി ചെയ്യാന്‍ ആലോചനയില്ലന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കാപ്പ നിയമം ദുരുപയോഗിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha