റീസർവേ തടസപ്പെടുത്തുന്നതു കൈയേറ്റക്കാരെന്നു ദേവികുളം സബ്കളക്ടറുടെ സത്യവാങ്മൂലം
ഇടുക്കിയിൽ നീലക്കുറിഞ്ഞി സങ്കേതം തടസപ്പെടുത്തുന്നതിനു പിന്നിൽ കൈയേറ്റക്കാരെന്ന് ദേവികുളം സബ്കളക്ടർ. ദേശീയ ഹരിത ട്രൈബ്യൂണലിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സബ് കളക്ടർ പ്രേം കുമാര്‍ ഇക്കാര്യം അറിയിച്ചത്. ദേവികുളത്തെ അതിർത്തി നിർണയം കൈയേറ്റക്കാർ തടസപ്പെടുത്തുകയാണ്. വട്ടവട, കൊട്ടക്കാന്പൂർ ബ്ലോക്കുകളിലെ റീസർവേ ഇക്കാരണത്താൽ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. മൂന്നാറിലെ വൻ തോട്ടങ്ങളിൽ മിക്കവയും കൈയേറ്റഭൂമിയാണെന്നു സംശയിക്കുന്നതായും സത്യവാങ്മൂലത്തിൽ പറയുന്നു.
നേരത്തെ, മൂന്നാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി കൃത്യമായി നിർണയിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടിരുന്നു. കുറിഞ്ഞി മലയിൽ കൈയേറ്റം ഉണ്ടെങ്കിൽ ഉടൻ നടപടിയെടുക്കണമെന്നും, ഏലമലക്കാടുകളുടെ അതിർത്തി നിർണയിക്കണമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. ഈ നിർദേശത്തിൽ തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടതിനുള്ള മറുപടിയായാണ് സബ് കളക്ടറുടെ സത്യവാങ്മൂലം.
മൂന്നാറിലെ കൈയേറ്റക്കാരുടെ പട്ടിക സംസ്ഥാന സർക്കാർ അടുത്തിടെ ദേശീയ ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ചു. മൂന്നാറിലെ എട്ട് വില്ലേജുകളിലായി അനുമതിയില്ലാതെ പണിത 330 അനധികൃത നിർമാണങ്ങളുടെ പട്ടികയാണ് ഹരിത ട്രൈബ്യൂണലിൽ ഹാജരാക്കിയത്
https://www.facebook.com/Malayalivartha