ജാമ്യം കിട്ടുമെന്ന് പ്രതീക്ഷ... ദിലീപ് അഴിക്കുള്ളിലായി 50 ദിവസം പിന്നിടുമ്പോള്‍
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധിപറയും. 50 ദിവസത്തോളം ജയിലിനുള്ളിലായ ദിലീപിന് ഇന്ന് ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷ. തന്റെ പേരിലെ കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം. അതേസമയം, ജാമ്യം അനുവദിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും ജാമ്യംനല്‍കുന്നത് കേസിനെ ബാധിക്കുമെന്നും ബോധിപ്പിച്ചു. തെളിവുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവെച്ച കവറില്‍ സിംഗിള്‍ ബെഞ്ചിന് കൈമാറിയിട്ടുണ്ട്. നേരത്തെ ദിലീപ് ജാമ്യം നിഷേധിച്ച ജസ്റ്റീസ് സുനില്‍ തോമസാണ് ഇന്നും ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷ വേണ്ടെന്നാണ് പൊതു വിലയിരുത്തല്‍.
അറസ്റ്റിലായി 50 ദിവസം പൂര്‍ത്തിയാകുന്ന ദിനത്തിലാണ് കോടതി തീരുമാനം പറയുന്നത്. മുമ്പ് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യഹര്‍ജി നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. മൂന്നാംതവണ ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ച അതേ ബെഞ്ചില്‍ കഴിഞ്ഞ 11ന് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടുതവണ മാറ്റിവച്ച അപേക്ഷ വെള്ളിയാഴ്ചയാണ് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ ഇന്നത്തേക്കു മാറ്റിയത്.
പ്രമുഖ അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍ മുഖേനയാണ് ദിലീപ് കോടതിയെ ആദ്യം സമീപിച്ചത്. മൂന്നാംതവണ കോടതിയില്‍ ഹാജരായത് പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ബി. രാമന്‍പിള്ളയായിരുന്നു. വിധി എതിരാണെങ്കില്‍ റിമാന്‍ഡ് തടവുകാരനായി ദിലീപിന് ഇനിയും ആഴ്ചകള്‍ ആലുവ സബ്ജയിലില്‍ കഴിയേണ്ടിവരും. രണ്ടാഴ്ചയ്ക്കുള്ളില്‍ ദിലീപിനെതിരായുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള അതിവേഗ നീക്കങ്ങളാണ് അന്വേഷണ സംഘം നടത്തുന്നത്. കുറ്റപത്രം നല്‍കിയാല്‍ പിന്നെ ജാമ്യം കിട്ടാന്‍ സാധ്യത കുറവാണ്. വിചാരണ തടവുകാരനായി ദിലീപ് ജയിലില്‍ കിടക്കേണ്ടി വരും. ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ പുനര്‍വിവാഹത്തിന് ശേഷമുള്ള ദിലീപിന്റെ ആദ്യം ഓണം അഴിക്കുള്ളിലാകും. കഴിഞ്ഞ നവംബറില്‍ ദിലീപ് കാവ്യയെ വിവാഹം കഴിച്ചതിന് ശേഷമുള്ള ആദ്യ ഓണമാണ് വരുന്നത്. ആദ്യ ഓണം ഒരുമിച്ചുണ്ണാന്‍ കഴിയുമെന്ന വിശ്വാസമാണ് ദിലീപിനും കാവ്യയ്ക്കുമുള്ളത്. പട്ടിണി കിടന്ന് പ്രാര്‍ത്ഥനയുമായി കാവ്യ തള്ളി നീക്കുമ്പോള്‍ ഉറക്കമൊഴിച്ച് മനമുരുകി പ്രാര്‍ത്ഥനയിലായിരുന്നു ദിലീപ്.
അതേസമയം ആദ്യ ഓണം കാവ്യയ്ക്കും മകള്‍ക്കുമൊപ്പം ആഘോഷിക്കാന്‍ പറ്റുമോ എന്നത് ഹൈക്കോടതി വിധിയെ ആശ്രയിച്ചിരിക്കും. ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ദിലീപ് ജാമ്യം നേടുന്നത് തടയാനാണ് പ്രോസിക്യൂഷന്റെ ശ്രമം. ജാമ്യം തടയുന്നതിന് ദിലീപിനെതിരായ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. എന്തെക്കൊ കൂടുതല്‍ തെളിവുകളാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. അതിനിടെ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ദിലീപ് നിരപരാധിയാണെന്നും ഉദ്യോഗസ്ഥരുടെ മുന്‍ വിധിയുടേയും നിക്ഷിപ്ത താല്‍പ്പര്യങ്ങളുടേയും ഇരയാണ് ദിലീപ് എന്നും അമ്മ ആരോപിച്ചിരുന്നു.
ജാമ്യം കിട്ടിയാല്‍ റോഡ് ഷോ അടക്കമുള്ള വിപുലമായ പരിപാടികളാണ് ദിലീപിന്റെ ചില ഫാന്‍സ് അസോസിയേഷനുകള്‍ ആസുത്രണം ചെയ്തിരിക്കുന്നത്. ദിലീപിനെ നായകനാക്കി കോടികള്‍ ചെലവഴിച്ചു നിര്‍മ്മിച്ച രാമലീല എന്ന സിനിമയുടെ ഭാവിയും കോടതി വിധിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. 25 കോടി മുതല്‍മുടക്കിയെടുത്ത സിനിമ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിച്ചത്. താന്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം മാത്രം രാമലീല ഇറക്കിയാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് ദിലീപ് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha