മെഡിക്കല്‍ പഠനമോഹം ഉപേക്ഷിച്ച് നിറകണ്ണുകളോടെ വിദ്യാര്‍ഥികള്‍
വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ പണം ഒരു കടമ്പയായതോടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ലക്ഷ്യത്തിലെത്താന്‍ കഴിയുകയില്ലെന്നോര്‍ത്ത് സങ്കടം അടക്കാനായില്ല. മെഡിക്കല്‍ പഠനമെന്ന മോഹം സ്വാശ്രയ മാനേജ്മന്റെുകളുടെ പണക്കൊതിക്ക് മുന്നില്‍ പൊലിഞ്ഞുതീരുന്നതറിഞ്ഞ് അവര്‍ നിറകണ്ണുകളോടെ മടങ്ങി.
പലരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടിയപ്പോള്‍ ചിലരുടെ കണ്ണുകളില്‍ ഭാവിയെക്കുറിച്ചുള്ള ആശങ്കയുടെ കാര്‍മേഘങ്ങള്‍. മെഡിക്കല്‍, ഡന്റെല്‍ കോഴ്‌സുകളിലേക്കുള്ള മൂന്നാം അലോട്ട്മന്റെ് പ്രകാരമുള്ള പ്രവേശന നടപടി നടന്ന തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ പഴയ ഓഡിറ്റോറിയത്തിന് മുന്നില്‍ തിങ്കളാഴ്ച കണ്ട കാഴ്ചകള്‍ ഇതായിരുന്നു.
രാവിലെ പത്തരയോടെ പ്രവേശന പരീക്ഷ കമീഷണറുടെ നേതൃത്വത്തില്‍ പ്രവേശന നടപടി തുടങ്ങി. ഏറെ വൈകാതെ ഉച്ചക്കുമുമ്പെ ഫീസ് 11 ലക്ഷമാക്കിയുള്ള സുപ്രീംകോടതി വിധിയെത്തി. വിറ്റുപൊറുക്കിയും കടംവാങ്ങിയും അഞ്ചുലക്ഷം രൂപ സ്വരുക്കൂട്ടി എത്തിയ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിധി ഇടിത്തീയായി. അഞ്ചു ലക്ഷത്തിനായി നെട്ടോട്ടമോടിയ രക്ഷാകര്‍ത്താക്കളില്‍ പലരും മക്കളുടെ മെഡിക്കല്‍ പഠന മോഹം ഉപേക്ഷിച്ച് കണ്ണീരുമായി മടങ്ങി.
തിങ്കളാഴ്ച രാവിലെ തന്നെ പ്രവേശനം നേടിയവരും പിന്നീട് ഫീസ് ഉയര്‍ത്തിയതറിഞ്ഞ് പ്രവേശനം വേണ്ടെന്നുവെക്കാനൊരുങ്ങി. അടച്ച അഞ്ചുലക്ഷം തിരികെവേണമെന്നാവശ്യപ്പെട്ട് പലരും ബഹളംവെച്ചു. പണം തിരികെലഭിക്കാന്‍ നടപടി സ്വീകരിക്കാമെന്ന് പ്രവേശന പരീക്ഷ കമീഷണര്‍ ഉറപ്പുനല്‍കിയതോടെയാണ് രക്ഷിതാക്കള്‍ പിന്തിരിഞ്ഞത്.
അതിനിടെ ഒരുകൂട്ടം രക്ഷിതാക്കള്‍ അലോട്ട്മന്റെ് നടന്ന മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തിന് വെളിയില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. അവര്‍ പിന്നീട് യോഗം ചേര്‍ന്ന് സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ തീരുമാനിക്കുകയും ഇതിനായി ഒപ്പുശേഖരണം നടത്തുകയും ചെയ്തു.&ിയുെ;വാര്‍ഷിക ഫീസ് അഞ്ചുലക്ഷം മതിയെന്ന് ഉറപ്പിച്ചിട്ടുള്ള ക്രിസ്ത്യന്‍ മാനേജ്മന്റെ് ഫെഡറേഷന് കീഴിലെ കോളജുകളില്‍ പ്രവേശനം നേടിയവര്‍ പ്രതിഷേധങ്ങളില്‍നിന്ന് വിട്ടുനിന്നു.
നേരത്തേ മറ്റു പല കോഴ്‌സുകള്‍ക്കും ചേര്‍ന്നവര്‍ പ്രവേശന പരീക്ഷ കമീഷണറുടെ നിര്‍ദേശാനുസരണം കോളജുകളില്‍നിന്ന് ടി.സി വാങ്ങിയാണ് അലോട്ട്മന്റെിന് എത്തിയത്. മെഡിക്കല്‍ പഠനം വേണ്ടെന്നുവെച്ചാല്‍ പഴയ കോളജില്‍ തിരികെ പ്രവേശനം ലഭിക്കുമോ എന്ന ആശങ്കയുമുണ്ട് വിദ്യാര്‍ഥികള്‍ക്ക്. എല്ലാ സ്വാശ്രയ കോളജുകളിലും അഞ്ചു ലക്ഷം എന്ന താല്‍ക്കാലിക ഫീസിനൊപ്പം ആറു ലക്ഷത്തിന്റെ ബാങ്ക് ഗാരന്റി കൂടി നല്‍കണമെന്നായിരുന്നു കോടതി വിധി.
ഇതിന് 15 ദിവസം സാവകാശം നല്‍കിയിട്ടുണ്ടെങ്കിലും അതിനുള്ളില്‍ ബാങ്ക് ഗാരന്റിക്കുള്ള പണം കണ്ടെത്താനാവില്ലെന്ന് പ്രവേശനം ഉപേക്ഷിച്ച രക്ഷിതാക്കളില്‍ ചിലര്‍ പറഞ്ഞു. വാര്‍ഷിക ഫീസ് 11 ലക്ഷമാകുന്നതോടെ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കണമെങ്കില്‍ 50 ലക്ഷത്തിനുമേല്‍ തുക കൈയില്‍ കരുതേണ്ട സ്ഥിതിയാണെന്നും ഇവര്‍ പരാതിപ്പെട്ടു.
https://www.facebook.com/Malayalivartha