യെമനിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു
ഒന്നര വർഷത്തോളമായി യെമനിൽ തീവ്രവാദികളുടെ പിടിയിലായിരുന്ന ഫാദർ ടോം ഉഴുന്നാലിൽ മോചിതനായി. ഒമാൻ സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണിത്. ഉഴുന്നാലിൽ മോചിപ്പിക്കപ്പെട്ട കാര്യം ഒമാൻ സർക്കാരിനെ ഉദ്ധരിച്ചു കൊണ്ട് അവിടത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മദർ തെരേസ രൂപംകൊടുത്ത ഉപവിയുടെ സഹോദരിമാർ' (മിഷനറീസ് ഒഫ് ചാരിറ്റി) സന്യാസിനീസമൂഹം യെമനിലെ ഏദനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് 2016 മാർച്ച് നാലിനു ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യെമൻ സ്വദേശികൾ എന്നിവരെ വധിച്ച ശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടു പോയത്.
എന്നാൽ, തട്ടിക്കൊണ്ടു പോയ ഭീകര സംഘടന ഏതാണെന്നോ ഉഴുന്നാലിൽ എവിടെയാണെന്നത് സംബന്ധിച്ചോ യാതൊരു വിവരങ്ങളും ഇല്ലായിരുന്നു. ഇതിനിടെ നിരവധി തവണ തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഫാദറിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.
ഈ വർഷം മേയിലാണ് ഏറ്റവും ഒടുവിലായി വീഡിയോ പുറത്ത് വന്നത്. വീഡിയോയിൽ അതീവ ക്ഷീണിതനായി കാണപ്പെട്ട് ഉഴുന്നാലിൽ, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിത്സ ആവശ്യമുണ്ടെന്നും അഭ്യർത്ഥിച്ചിരുന്നു. ഉഴുന്നാലിനെ മോചിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ വിവിധ രാജ്യങ്ങളുമായി ചേർന്ന് ശ്രമങ്ങൾ നടത്തിവരികയായിരുന്നു.
https://www.facebook.com/Malayalivartha