ഒരിക്കലും നടക്കില്ലെന്ന് വിചാരിച്ചിരുന്ന മോചനം; നാടെങ്ങും ആഹ്ലാദത്തിമിര്‍പ്പില്‍!
2016 മാര്‍ച്ച് നാലിനാണ് ഫാദര്‍ ടോം ഉഴുന്നാലിലിന്റെ ജീവിതത്തിലെ ആ കറുത്ത ദിനം വന്നു ചേരുന്നത്. യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കില്‍ വന്‍ തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകരര്‍ ആവശ്യപ്പെടുകയും ചെയ്തു.
പിന്നീട് ടോമിനെ വധിച്ചെന്നും മറ്റും വ്യാപകമായ പ്രചരണങ്ങളും മറ്റും ഉണ്ടായി. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ സഹായമഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള സന്ദേശങ്ങളും വന്നു കൊണ്ടിരുന്നു. പിന്നീട് വിവിധ സഭകളുടെയും മറ്റും നിരന്തരമായ ഇടപെടലുകള്‍ കൊണ്ട് കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഇതിന് വേണ്ടി നിരന്തരമായ പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. മോചനത്തില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തിയതിനെക്കുറിച്ച് വിവിധ കേന്ദ്രങ്ങള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഇതില്‍ വത്തിക്കാന്റെ സമയോചിത ഇടപെടലും വിസ്മരിക്കാനുള്ളതല്ല.
18 മാസങ്ങള്‍ക്ക് ശേഷമാണ് ഫാദര്‍ ടോം മോചിതനായത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. ഇന്ത്യയ്ക്ക് കാര്യമായ സ്വാധീനമില്ലാത്ത രാജ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ സഹായമാണ് വിദേശകാര്യമന്ത്രാലയം തേടിയിരുന്നത്. ഒരുഘട്ടത്തില്‍ മോചനദ്രവ്യം നല്‍കാനും ഇന്ത്യ തയാറായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
ഭീകരര്‍ മോചിപ്പിതോടെ ഫാ.ടോം ഒമാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ മസ്‌ക്കറ്റില്‍ എത്തിച്ചേര്‍ത്തു. രാവിലെയാണ് മസ്‌ക്കറ്റില്‍ എത്തിയത്. ഫാദര്‍ ടോമിന്റെ ആരോഗ്യസ്ഥിതി എങ്ങനെയാണെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹം കേരളത്തിലെത്തിയാല്‍ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
https://www.facebook.com/Malayalivartha