മോചിതനായതില്‍ ദൈവത്തിനു നന്ദിയെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍; സന്തോഷ വാര്‍ത്തയെന്ന് സുഷമ സ്വരാജ്
ഭീകരരുടെ പിടിയില്‍നിന്നു മോചിതനായതില്‍ ദൈവത്തിനു നന്ദിയെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. മോചിതനായി മസ്‌കത്തില്‍ എത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒമാന്‍ സുല്‍ത്താനും പ്രാര്‍ഥിച്ചവര്‍ക്കും നന്ദിയെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാദര്‍ ഉഴുന്നാലില്‍ ഒമാന്‍ സൈനിക വിമാനത്തിലാണ് മസ്‌കത്തിലെത്തിയത്.
മോചന വാര്‍ത്ത സ്ഥിരീകരിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സന്തോഷ വാര്‍ത്തയെന്നു ട്വീറ്റ് ചെയ്തു. ടോം ഉഴുന്നാലിലിന്റെ മോചനം ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിയിച്ചതെന്നു മനസിലാക്കുന്നു. കേരളത്തില്‍ എത്തിയാലുടന്‍ ഫാ .ഉഴുന്നാലിലിന്റെ ചികിത്സകള്‍ക്ക് എല്ലാവിധ സഹായങ്ങളും ഉണ്ടാകും. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങി വരവില്‍ വിശ്വാസ സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.
യെമനില്‍ കഴിഞ്ഞ വര്‍ഷം ഭീകരര്‍ തട്ടിയെടുത്ത ഫാ.ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്നാണു വിവരമെന്ന് ഇക്കഴിഞ്ഞ ജൂലൈയിലാണ് യെമന്‍ ഉപപ്രധാനമന്ത്രി അബ്ദുല്‍മാലിക് അബ്ദുല്‍ജലീല്‍ അല്‍ മെഖ്‌ലാഫി വ്യക്തമാക്കിയത്. ഫാ.ടോമിന്റെ മോചനത്തിനു സാധ്യമായതെല്ലാം ചെയ്യുമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള ചര്‍ച്ചയില്‍ അല്‍ മെഖ്‌ലാഫി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനു ഭീകരര്‍ തട്ടിയെടുത്ത ഫാ.ടോം ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നുപോലും സ്ഥിരീകരിക്കാനാവാത്ത സ്ഥിതിയിലായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
മോശം വാര്‍ത്തയൊന്നും ലഭിച്ചിട്ടില്ലെന്നു മാത്രമായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്‌ലെയ്ക്ക് പറയാനായത്. എന്നാല്‍, യെമന്‍ ഉപപ്രധാനമന്ത്രി നടത്തിയ പരാമര്‍ശം പ്രതീക്ഷയ്ക്കു വക നല്‍കി. ഫാ. ടോമിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക സുഷമ സ്വരാജ് യെമന്റെ വിദേശകാര്യ മന്ത്രികൂടിയായ അല്‍മെഖ്‌ലാഫിയെ ധരിപ്പിച്ചിരുന്നു. എത്രയുംവേഗം ഫാ.ടോമിന്റെ മോചനം സാധ്യമാക്കാനുള്ള പിന്തുണ വേണമെന്നു സുഷമ സ്വരാജ് അഭ്യര്‍ഥിച്ചു. എല്ലാ സഹകരണവും ഉറപ്പാക്കുമെന്ന് അല്‍ മെഖ്‌ലാഫി ഉറപ്പ് നല്‍കിയിരുന്നു.
18 മാസത്തിനുശേഷമാണ് ഫാദര്‍ ടോം ഉഴുന്നാലിലിനു മോചനം സാധ്യമായത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. 2016 മാര്‍ച്ച് നാലിനാണ് ഫാദര്‍ ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.
മദര്‍ തെരേസ രൂപംകൊടുത്ത ഉപവിയുടെ സഹോദരിമാര്‍ (മിഷനറീസ് ഒഫ് ചാരിറ്റി) സന്യാസിനീസമൂഹം യെമനിലെ ഏദനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് 2016 മാര്‍ച്ച് നാലിനു ഭീകരര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാലു കന്യാസ്ത്രീകള്‍, ആറ് ഇത്യോപ്യക്കാര്‍, ആറ് യെമന്‍ സ്വദേശികള്‍ എന്നിവരെ വധിച്ച ശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടു പോയത്.
എന്നാല്‍, തട്ടിക്കൊണ്ടു പോയ ഭീകര സംഘടന ഏതാണെന്നോ ഉഴുന്നാലില്‍ എവിടെയാണെന്നത് സംബന്ധിച്ചോ യാതൊരു വിവരങ്ങളും ഇല്ലായിരുന്നു. ഇതിനിടെ നിരവധി തവണ തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഫാദറിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha