ഒന്നിൽ പിഴച്ചാൽ മൂന്നിലെങ്കിലും: ദിലീപ് നാളെ ജാമ്യാപേക്ഷ നൽകും; ഈ ഹർജിയും തള്ളിയാൽ പിന്നെ വിചാരണ തടവുകാരൻ
നടിയെ ഉപദ്രവിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നു. ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തുന്നത്. ഇത് സംബന്ധിച്ച അപേക്ഷ നാളെത്തന്നെ ദിലീപിന്റെ അഭിഭാഷൻ ബി.രാമൻപ്പിള്ള കോടതിയിൽ സമർപ്പിക്കുമെന്നാണ് സൂചന. എന്നാൽ താരത്തിന്റെ ജാമ്യാപേക്ഷയെ ശക്തമാക്കി എതിർക്കുമെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലായത്. 15ന് അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളി. തുടർന്ന് രണ്ട് തവണ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളി. ആദ്യതവണ അഡ്വ. കെ. രാംകുമാർ ആയിരുന്നു ഹൈക്കോടതിയിൽ ദിലീപിന് വേണ്ടി ഹാജാരായത്. എന്നാൽ അദ്ദേഹം പിന്നീട് കേസിന്റെ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് അഡ്വ. ബി. രാമൻപിള്ളയെ കേസ് ഏൽപിച്ചത്.
അന്വേഷണം അന്തിമഘട്ടത്തിലാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാവും ദിലീപ് കോടതിയിൽ ചൂണ്ടിക്കാട്ടുക. അച്ഛന്റെ ശ്രാദ്ധകർമങ്ങൾക്കായി അങ്കമാലി മജിസ്ട്രേട്ട് കോടതി ഇളവ് അനുവദിച്ച കാര്യവും കോടതി പറഞ്ഞ വ്യവസ്ഥകൾ താൻ പാലിച്ച കാര്യവും ദിലീപ് ജാമ്യാപേക്ഷയിൽ അറിയിക്കും. എന്നാൽ, ജാമ്യം നൽകരുതെന്നാവും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുക. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണെന്നും അതിനാൽ ഈ അവസരത്തിൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.
സിനിമാപ്രവർത്തകർ കൂട്ടത്തോടെ ദിലീപിനെ കാണാൻ ജയിലിൽ എത്തിയ കാര്യവും പ്രോസിക്യൂഷൻ ഉന്നയിക്കും. ദിലീപിനെ പിന്തുണച്ച് കെ.ബി.ഗണേശ് കുമാർ എം.എൽ.എ നടത്തിയ പ്രസ്താവനയും പ്രോസിക്യൂഷൻ ആയുധമാക്കും. ഗണേശിന്റെ പ്രസ്താവന ആസൂത്രിതവും പ്രതികളെ സഹായിക്കുന്നതിനും വേണ്ടിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സി.ഐ ബൈജു പൗലോസ് അങ്കമാലി മജിസ്ട്രേട്ട് കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യവുംപ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിക്കും. സാക്ഷികളെ സ്വാധീനിച്ച് കേസന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാവും പ്രോസിക്യൂഷൻ നിലപാടെടുക്കുക.
ദിലീപ് നാളെ നൽകുന്ന ജാമ്യ ഹർജിയും തള്ളിയാൽ പിന്നെ വിചാരണ തടവുകാരനായി തുടരേണ്ടിവരും. കഴിഞ്ഞ ദിവസം നാദിര്‍ഷ ആലുവ സബ് ജയിലിലെത്തി സംസാരിച്ചതു നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ അഞ്ചു മിനിറ്റു മാത്രമായിരുന്നു കുടിക്കാഴ്ച. നേരത്തെ തന്നെ സന്ദര്‍ശിച്ച സുഹൃത്തുക്കളോടാണു നാദിര്‍ഷയെ കാണണമെന്ന് ആവശ്യപ്പെട്ടത്. നാദിര്‍ഷയെ പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു കൂടിക്കാഴ്ച. നാദിര്‍ഷ വന്നുപോയ ശേഷമാണു ജയിലിലേക്കു സിനിമാരംഗത്തെ പ്രമുഖരുടെ ഒഴുക്കുണ്ടായതും സന്ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതും. സിനിമാരംഗത്തെ പരസ്യ പിന്തുണ ദിലീപിന് തന്നെ പാരയാകും.
നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലാണെങ്കിലും കോടതി വിധിക്കുംവരെ ദിലീപ് കുറ്റവാളിയല്ലെന്ന് ഗണേശ് കുമാർ അദ്ദേഹത്തെ സന്ദർശിച്ച ശേഷം പറഞ്ഞിരുന്നു. ഒരാളുടെ നല്ല സമയത്തല്ല മറിച്ച് ആപത്ത് വരുമ്പോഴാണ് സുഹൃത്തുകളും സഹപ്രവർത്തകരും കൂടെ നില്ക്കേണ്ടത്. ദിലീപിന്റെ സഹായങ്ങൾ സ്വീകരിച്ച നിരവധി പേർ സിനിമയിലുണ്ട്. പൊലീസ് ചോദ്യംചെയ്യുമെന്നോ ഫോൺ കോളുകൾ ചോർത്തുമെന്നോ ചാനൽ ചർച്ചയ്ക്കെത്തുന്നവരുടെ വിമർശനം ഉണ്ടാകുമെന്നോ ഭയന്ന് അദ്ദേഹത്തെ പിന്തുണയ്ക്കാതിരിക്കരുതെന്നും ഗണേശ് പറഞ്ഞിരുന്നു. സ്ത്രീ പീഡനത്തിൽ നേരിട്ട് പങ്കാളിയായ എം.എൽ.എയ്ക്ക് ജാമ്യം കിട്ടിയ നാട്ടിൽ കലാകാരന് ജാമ്യം നിഷേധിച്ചതിനോട് വിയോജിപ്പുണ്ട്. എല്ലാവർക്കും നീതി ഒരുപോലെ ലഭിക്കണം. പൊലീസ് അന്വേഷണത്തിൽ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് കാലം തെളിയിക്കുമെന്നും ഗണേശ് പറഞ്ഞിരുന്നു. ഗണേഷ്‌കുമാറിന്റെ ഈ പ്രസ്താവന വൻ വിവാദമായിരുന്നു.
https://www.facebook.com/Malayalivartha