വിദേശങ്ങളിലെ പോലെ പരിശോധന കർശനമാക്കിയില്ലെങ്കിൽ മാരക വിപത്തിലേക്ക്...
വളർത്തുമൃഗങ്ങളിൽ അർബുദം വർധിക്കുന്നതായി മൃഗസംരക്ഷണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. സംശയമുള്ള മൃഗങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണ് അർബുദബാധ കണ്ടെത്തിയത്.
മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള പാലോട് ചീഫ് ഡിസീസ് ഇൻവസ്റ്റിഗേഷൻ ഓഫീസിന് കീഴിൽ 82 മൃഗങ്ങളിൽ നിന്നെടുത്ത സാമ്പിളുകളിലായിരുന്നു പരിശോധന. 82 സാമ്പിളുകളിൽ നാല്പതും നായ്ക്കളുടേതായിരുന്നു. സാമ്പിളുകളിൽ 25 എണ്ണത്തിന് അർബുദം കണ്ടെത്തി.
ഇതിലും നായ്ക്കൾ തന്നെയാണ് മുന്നിൽ പൂച്ച, പശു, പന്നി, വളർത്തുപക്ഷി, കുതിര എന്നിവയിലും അർബുദ രോഗബാധ കണ്ടെത്തി. ഇന്ത്യയിൽ തന്നെ ആദ്യമായാണ് വളർത്തുമൃഗങ്ങളിലെ അർബുദത്തെക്കുറിച്ച് പഠനം നടത്തുന്നത്. നായ്കൾ ഒഴിച്ചുള്ള മൃഗങ്ങളിൽ വളരെ ചെറിയ ശതമാനത്തിന് മാത്രമേ രോഗബാധയുള്ളൂ. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള സാമ്പിളുകൾ മാത്രമേ മൃഗസംരക്ഷണ വകുപ്പ് ഇപ്പോൾ ശേഖരിച്ചിട്ടുള്ളൂ.
റിപ്പോർട്ട് പുറത്ത് വന്നതിനാൽ സംസ്ഥാനത്തൊട്ടാകെ പരിശോധനകളും പഠനവും നടത്തണമെന്നാണ് ആവശ്യം. അർബുദം വർധിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് പഠനം വേണം. ഇതിന് ആരോഗ്യവകുപ്പുമായിച്ചേർന്ന് സംയുക്തപഠന കേന്ദ്രം വേണമെന്നും മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha