ആലപ്പുഴ തോട്ടപ്പള്ളിയിലെ വാഹനാപകടത്തില്‍ ദുരൂഹത; മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയത് അപകടം നടന്ന സ്ഥലത്ത് നിന്നും 18 കിലോമീറ്റര്‍ അകലെ
ആലപ്പുഴ തോട്ടപ്പള്ളിയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ദുരൂഹത. അപകടസ്ഥലത്ത് നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ ഉടമയെ 18 കിലോമീറ്റര്‍ അകലെ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി. കലവൂര്‍ സ്വദേശി സുനില്‍ കുമാറിന്റെ മൃതദേഹമാണ് നഗ്‌നമായ നിലയില്‍ കളര്‍കോട് ഭാഗത്ത് നിന്നും കണ്ടെത്തിയത്.
പുലര്‍ച്ചെ രണ്ടേമുക്കാലോട് കൂടി തോട്ടപ്പള്ളി ഒറ്റപ്പന ഭാഗത്ത് വെച്ചാണ് വാഹനാപകടം നടന്നത്. അതുവഴി പോയ കാര്‍ യാത്രികരില്‍ ഒരാളാണ് സമീപത്തെ ഹോട്ടലില്‍ അപകട വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ അപകട സ്ഥലത്തു നിന്നും ഐഡി കാര്‍ഡ് ലഭിച്ചു. സുനില്‍ കുമാര്‍ എന്ന ആളുടേതായിരുന്നു തിരിച്ചറിയല്‍ കാര്‍ഡ്. സമീപപ്രദേശങ്ങളിലും ആശുപത്രിയിലും തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. തുടര്‍ന്ന് മൂന്നരയോടെയാണ് ഇയാളുടെ മൃതദേഹം നഗ്‌നമായ നിലയില്‍ കളര്‍കോട് ഭാഗത്ത് നിന്നും കണ്ടെത്തിയത്. പുറക്കാട്, കരൂര്‍ ഭഗങ്ങളില്‍ നിന്നായി ഇയാളുടെ വസ്ത്രങ്ങളും ലഭിച്ചു.
അപകടം നടന്നയുടന്‍ വാഹനത്തിന്റെ അടിയില്‍ സുനില്‍ കുമാര്‍ കുരുങ്ങിയിട്ടുണ്ടാവുമെന്നും തുടര്‍ന്ന് വാഹനത്തിന്റെ വേഗതയില്‍ മൃതദേഹം തെറിച്ച് മാറിയതാവാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മൃതദേഹം എങ്ങിനെ 15 കിലോമീറ്റര്‍ അകലയെത്തി എന്നതിലടക്കം ദുരൂഹത തുടരുകയാണ്. മരിച്ച സുനില്‍ കുമാര്‍ പമ്പിംഗ് തൊഴിലാളിയാണ്. പുന്നപ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha