ട്രെയിനില്‍ നിന്നും കായലിലേക്ക് വീണ പെണ്‍കുട്ടിയ്ക്ക് ഇത് പുനര്‍ജന്മം; ഉടനടി രക്ഷാപ്രവര്‍ത്തനം നടത്തിയത് മീന്‍പിടുത്തക്കാര്‍!
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു പരവൂര്‍ കായലിലേക്കു തെറിച്ചുവീണ വിദ്യാര്‍ത്ഥിനിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. പുനലൂരില്‍ നിന്നു കന്യാകുമാരിയിലേക്ക് പോയ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരി പാപ്പനംകോട് സ്വദേശിയായ ഇരുപത്തിയൊന്നുകാരിയെയാണ് മീന്‍പിടുത്ത തൊഴിലാളികള്‍ സാഹസികമായി രക്ഷിച്ചത്.
ടി.കെ.എം എന്‍ജിനീയറിംഗ് കോളേജിലെ നാലാം വര്‍ഷ കെമിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ശാരീരിക അസ്വാസ്ഥ്യം അനുഭപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ കിളികൊല്ലൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പുനലൂര്‍ കന്യാകുമാരി പാസഞ്ചര്‍ ട്രെയിനില്‍ കയറുകയായിരുന്നു.
രാവിലെ 9.45-ഓടെ കൈകഴുകാന്‍ വേണ്ടി വാഷ്‌ബെയ്‌സിന് അടുത്തേക്കു നടക്കുകയായിരുന്നു. ഈ സമയം മാമൂട്ടില്‍ പാലത്തില്‍ കയറിയ ട്രെയിന്‍ ഒന്ന് ഉലഞ്ഞു. ഇതിനിടെ പിടിവിട്ടു പോയ വിദ്യാര്‍ഥിനി നേരെ കായലിലേക്കു തെന്നി വീഴുകയായിരുന്നു.
പാലത്തിന്റെ മറുകരയില്‍ നിന്ന ഒരാള്‍ വിദ്യാര്‍ത്ഥിനി വീഴുന്നത് കാണുകയും ഒച്ച വെച്ച് ആളെ കൂട്ടുകയുമായിരുന്നു. ഈ സമയം പാലത്തിന് സമീപം രണ്ടു വള്ളത്തിലായി മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടിരുന്നവരും തീരത്തുണ്ടായിരുന്ന പരവൂര്‍ പൊലീസിന്റെ ജനമൈത്രി കടലോര ജാഗ്രത സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയാണ് പെണ്‍കുട്ടിയെ കരയ്‌ക്കെത്തിച്ചത്.
പെണ്‍കുട്ടി വീണ ഭാഗം കരയില്‍ നിന്നും അത്ര ദൂരത്തല്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി. റെയില്‍ അലര്‍ട്ടില്‍ നിന്നും പരവൂര്‍ പൊലീസ് സ്റ്റഷനിലേക്ക് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും രംഗത്തെത്തി. പൊലീസ് വാഹനത്തില്‍ പെണ്‍കുട്ടിയെ നെടുങ്ങോലം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു.
വിദ്യാര്‍ഥിനിക്കു സാരമായ പരുക്കുകള്‍ ഒന്നുമില്ല. വാതിലിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടി വണ്ടിയുടെ കുലുക്കത്തിനും ശക്തമായ കാറ്റിനുമിടയില്‍ വാതില്‍ ദേഹത്ത് തട്ടിയാണ് അപകടം ഉണ്ടായതെന്ന് പരവൂര്‍ പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha