ഏനാത്തെ ബെയ്‌ലി പാലം പൊളിക്കാതെ നിര്‍ത്താമോ എന്ന് ഏനാത്തുകാര്‍: പട്ടാളപ്പാലം പൊളിച്ചുകൊണ്ടുപോകുമ്പോള്‍ സൈന്യത്തിന് ബിഗ് സല്യൂട്ട് നല്‍കി നിവാസികള്‍
പത്തനം തിട്ട ജില്ലയിലെ ഏനാത്ത് കല്ലടയാറിനു കുറുകെ പട്ടാളം നിര്‍മിച്ച ബെയ്‌ലി പാലം അടുത്ത കാലം വരെ വലിയ വാര്‍ത്തയായിരുന്നു. കല്ലടയാറിനു കുറുകെയുള്ള എം.സി റോഡിലെ പാലം തകര്‍ന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഏപ്രില്‍ 10ന് മേജര്‍ അനുഷ് കോശിയുടെ നേതൃത്വത്തില്‍ സൈന്യം ബെയ്‌ലി പാലം നിര്‍മിച്ച് ഗതാഗതത്തിനു തുറന്നുനല്‍കിയത്. ചെറിയ വാഹനങ്ങള്‍ മാത്രം കടത്തിവിട്ടുള്ള താല്‍ക്കാലിക സഞ്ചാര മാര്‍ഗമായിരുന്നെങ്കിലും ബെയ്‌ലി പാലം ജനങ്ങള്‍ക്ക് നല്‍കിയ ആശ്വാസം ചെറുതല്ല. രണ്ടുനാള്‍ കൂടി കഴിഞ്ഞാല്‍ നാട്ടുകാര്‍ക്ക് സഞ്ചാര മാര്‍ഗവും കൗതുകവുമേകിയ ബെയ്‌ലി പാലം ഓര്‍മയാകും. താല്‍ക്കാലികമായി നിര്‍മിച്ച പാലമായിരുന്നെങ്കിലും പാലം പൊളിച്ചു കൊണ്ടുപോകുന്നത് പ്രദേശ വാസികളില്‍ ചെറിയൊരു പരിഭവമുണ്ട്. തെക്കന്‍ ജില്ലകളെ മധ്യകേരളവുമായി താല്‍ക്കാലികമായി കൂട്ടിയിണക്കിയ പാലം ചുരുങ്ങിയ നാളുകള്‍കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം പിടിച്ചതിനാല്‍ പാലം പൊളിച്ചു കൊണ്ടുപോകുന്നതില്‍ ജനങ്ങള്‍ക്ക് ചെറിയൊരു സങ്കടമുണ്ട്. പാലം പൊളിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ഇന്നലെ സൈന്യം ആരംഭിച്ചിട്ടുണ്ട്. സൈനിക ആസ്ഥാനത്തു നിന്ന് ഉത്തരവ് കൂടി ലഭിച്ചാല്‍ പാലം പൊളിച്ചു തുടങ്ങും. കേണല്‍ വി.കെ.രാജു, മേജര്‍ വിനീത് എന്നിവരുടെ നേതൃത്വത്തില്‍ 14എന്‍ജിനീയറിങ് റജിമെന്റില്‍ നിന്നുള്ള 60 പേരടങ്ങുന്ന സംഘമാണ് പാലം പൊളിച്ചുകൊണ്ടുപോകുന്നതിനായി ഇവിടെ ക്യാംപ് ചെയ്തിരിക്കുന്നത്. പാലം പൊളിക്കുന്നതിനുള്ള ഉപകരണങ്ങള്‍ പാങ്ങോട് സൈനിക ക്യാംപില്‍ നിന്നുമെത്തിച്ച് കല്ലടയാറിന്റെ വടക്കു ഭാഗത്ത് ക്രമീകരിച്ചു തുടങ്ങി. പാലം പൊളിച്ചു നീക്കുന്നതിനായി ക്രെയിന്‍ ഉള്‍പ്പെടെ യന്ത്ര സംവിധാനങ്ങളും വെളിച്ചവും ഒരുക്കി കെ.എസ.ടി.പി. അധികൃതര്‍ സൈന്യത്തിന് സഹായമേകുന്നുണ്ട്. കുത്തി പതഞ്ഞൊഴുകുന്ന കല്ലടയാറു കടക്കാന്‍ മണിക്കൂറുകള്‍ കൊണ്ട് രാജ്യത്തിന്റെ ധീരജവാന്മാര്‍ ജനങ്ങള്‍ക്ക് പടുത്തുയര്‍ത്തി നല്‍കിയ സഞ്ചാരമാര്‍ഗം ഇനി ദിവസങ്ങള്‍ക്കുള്ളില്‍ ഓര്‍മയാകുമെങ്കിലും നാട്ടുകാര്‍ ഒന്നടങ്കം സൈന്യത്തിന് സല്യൂട്ട് നല്‍കി അഭിവാദനങ്ങള്‍ നല്‍കുകയാണ്.
https://www.facebook.com/Malayalivartha