ജ്യോതിഷ വിലയിരുത്തൽ; ജാമ്യ ഹർജി നൽകാനായി ദിലീപ് അടുത്താഴ്ച വീണ്ടും ഹൈക്കോടതിയില്‍
നാദിർഷായുടെ ഹർജിക്കൊപ്പം തന്റെ ഹർജിയും വന്നാൽ അത് ദോഷമാണെന്ന ജ്യോതിഷ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ ജാമ്യ ഹർജി നൽകാനിരുന്നിട്ടും അടുത്താഴ്ചത്തേക്ക് മാറ്റിയത്. ദിലീപിന്റെ സമയം തീർത്തും മോശമാണെന്നാണ് ജ്യോതിഷ ഫലം. വ്യാഴ മാറ്റം ദിലീപിന് അനുകൂലമാണെന്നാണ് വിലയിരുത്തൽ. ഇപ്പോഴത്തെ അവസ്ഥയിൽ കുറച്ച് നാൾ കൂടി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. അനുഭവിച്ച് തീർക്കാമെങ്കിൽ സമയം അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.
ജയിൽ വാസം ദിലീപിന്റെ ജാതകത്തിൽ തന്നെയുള്ളതാണത്രേ. അങ്ങനെ സംഭവിച്ചില്ലങ്കിലേ അത്ഭുതമുള്ളു. ദിലീപിന് ശത്രുദോഷം കഠിനമാണെന്നും പറയപ്പെടുന്നു. ദിലീപിന്റെ പേരിൽ നാടുനീളെ പൂജകൾ കഴിക്കുന്നുണ്ട്. എന്തായാലും ദിലീപ് അടുത്താഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. മൂന്നാം തവണയാണ് ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. കേസന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണം എന്നാകും ദിലീപിനായി അഡ്വ ബി രാമന്‍പിളള കോടതിയില്‍ വാദിക്കുക.
കേസുമായി ബന്ധപ്പെട്ടവരെയെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു കഴിഞ്ഞു. കൂടാതെ തെളിവെടുപ്പുകളും പൂര്‍ത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 65 ദിവസമായി ജയിലില്‍ കഴിയുന്ന ദിലീപിന് ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെടും. മാത്രമല്ല, അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ട് മണിക്കൂര്‍ അങ്കമാലി കോടതി നല്‍കിയ അനുമതിയില്‍ എല്ലാ നിര്‍ദേശങ്ങളും ഉപാധികളും ദിലീപ് പാലിച്ചതായും പ്രതിഭാഗം ചൂണ്ടിക്കാട്ടും. എന്നാല്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ശക്തമായ വാദങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും നിരത്തും.
ദിലീപിനെ പിന്തുണച്ചുകൊണ്ട് സിനിമാക്കാര്‍ കൂട്ടമായി ജയിലില്‍ എത്തിയതും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടും. ജയിലിനകത്ത് കഴിയുമ്പോള്‍ ഇത്തരത്തില്‍ പിന്തുണ ലഭിക്കുന്നയാള്‍ പുറത്തു ചെന്നാലുണ്ടാകുന്ന സ്ഥിതിയും പ്രോസിക്യൂഷന്‍ ആയുധമാക്കും. ഓണാവധിക്ക് ശേഷം ജാമ്യഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ച് മാറിയെങ്കിലും നേരത്തേ രണ്ട് തവണയും ജാമ്യഹര്‍ജി പരിഗണിച്ചതിനാല്‍ ജസ്റ്റിസ് സുനില്‍ തോമസ് തന്നെയാകും ഇത്തവണയും ജാമ്യഹര്‍ജിയില്‍ വിധി പറയുക.
നിര്‍ഭയ കേസുള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ ആക്രമണക്കേസുകളില്‍ സുപ്രീംകോടതിയുടെ മുന്‍വിധികള്‍ അനുകൂലമാകില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് മൂന്നാം തവണയും ഹൈക്കോടതിയെ തന്നെ സമീപിക്കുന്നതും.
അതേസമയം, 2011ല്‍ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ എറണാകുളം എസിജെഎം കോടതി ഇന്ന് വാദം കേള്‍ക്കും. ജയില്‍ മാറ്റണമെന്ന സുനിയുടെ അപേക്ഷയും കോടതി പരിഗണിക്കും.
https://www.facebook.com/Malayalivartha