മോഷ്ടാവിന്റെ കുറ്റബോധത്തെതുടർന്ന് സംഭവിച്ചത്
വിദേശയിനത്തിൽപെട്ട വിലപിടിപ്പുള്ള പ്രാവുകൾ മോഷണം പോയ വീട്ടിൽ മോഷ്ടാവിന്റെ കുറിപ്പും പെട്ടിയിൽ മോഷ്ടിച്ച പ്രാവുകളെയും തിരികെക്കൊണ്ടിട്ടു. പരപ്പൻകോട് മഞ്ചാടിമൂട് നവീനിൽ ബിനു ഫിലിപ്പിന്റെ വീട്ടിലാണ് സംഭവം.
ഫിലിപ്പ് വളർത്തിയിരുന്ന എട്ടു പ്രാവുകളാണു മോഷണം പോയത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം നടന്നത്. ദിവസവും പ്രാവിനു തീറ്റ നൽകുന്നയാൾ രാവിലെ തീറ്റ നൽകുന്നതിനായി വീട്ടിലെത്തുമ്പോൾ കൂടുകൾ തകർത്ത നിലയിലായിരുന്നു.
പ്രാവുകൾ നഷ്ടപ്പെട്ട ഫിലിപ്പ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയിരുന്നു. മോഷണംപോയ പ്രാവുകൾക്ക് 48,000 രൂപ വിലവരും. കഴിഞ്ഞ ദിവസം ഒരു ബൈക്ക് വീടിനടുത്തു വന്നു നിർത്തുന്നതും വീട്ടിനകത്തേയ്ക്ക് ഒരു പെട്ടി എറിയുന്നതും കണ്ടതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് വീട്ടുടമ പെട്ടി തുറന്നപ്പോൾ കണ്ടത് കാണാതായ പ്രാവുകളിൽ നാലെണ്ണവും കൂടാതെ ഇവരുടേതല്ലാത്ത ആറു പ്രാവുകളും ഉണ്ടായിരുന്നു. പെട്ടിക്കു സമീപത്തു നിന്നാണ് പെൻസിൽ കൊണ്ട് എഴുതിയ കത്തു ലഭിച്ചത്.വീട്ടിലെത്തിച്ച പ്രാവുകളിൽ കുറച്ചെണ്ണം മറ്റെവിടെ നിന്നോ കൊണ്ടുവന്നതാണ്.
കത്ത് ഇങ്ങനെ
‘.......മാമൻ എന്നോടു ക്ഷമിക്കണം...എന്റെ അറിവില്ലായ്മകൊണ്ടു ജീവിതത്തിൽ ആദ്യമായി ചെയ്ത തെറ്റാണ് .ഇനി ആവർത്തിക്കില്ല. മാമന്റെ വീട്ടിൽ നിന്നു പ്രാവുകളെ എടുത്തുകൊണ്ടു പോയതിനുശേഷം എനിക്കു പഠിക്കാൻ കഴിയുന്നില്ല.....എന്റെ അമ്മ എന്നെ ഒരുപാട് വഴക്കു പറഞ്ഞു.....മാമന് ഉണ്ടായ നഷ്ടം ഞാൻ ജോലി ചെയ്തു വീട്ടും. ഞാൻ ഒരു തവണ വീട്ടിൽ വന്നിട്ടുണ്ട്....എന്നെ ശപിക്കരുത്....ഒരു പ്രാവിനു കണ്ണു കണ്ടുകൂടാ...ഞാൻ അതിന്റെ കണ്ണിൽ കിടന്ന തൂവലുകൾ വെട്ടിമാറ്റി...സോറി...ഞാൻ പ്രാവുകളെ തിരികെ ഏൽപിക്കുന്നു. എന്റെ പ്രാവുകളും കൂടി ഇതിനോടൊപ്പമുണ്ട്.... ഞാൻ ഇനി പ്രാവുകളെ എടുക്കില്ല.. സത്യം...ക്ഷമിക്കണേ...’
https://www.facebook.com/Malayalivartha