കടകംപള്ളിയുടെ ഗുരുവായൂർ ഭക്തി പ്രകടനം പാർട്ടിയുടെ അറിവോടെയെന്ന് സൂചന
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂർ സന്ദർശനം സി പി എം സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയെന്ന് സൂചന. നിരീശ്വരവാദം കൊണ്ട് പ്രയോജനമില്ലെന്നും ഭക്തരായ പ്രവർത്തകരെ പാർട്ടിയിൽ തന്നെ തുടർന്നും അണിനിരത്താൽ മന്ത്രിമാരും ഹൈന്ദവ പ്രവർത്തകരും ക്ഷേത്രങ്ങളിൽ പോകുന്നതിൽ തെറ്റില്ലെന്നും പാർട്ടി തീരുമാനിച്ചതായി അറിയുന്നു.
ക്ഷേത്രങ്ങൾ പിടിച്ചെടുക്കാർ ആർ എസ് എസ് ശ്രമിക്കുമ്പോൾ സി പി എം മാറി നിൽക്കുന്നത് ശരിയല്ല. പാർട്ടി ഔദ്യോഗികമായി ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചതും എടുത്തു പറയണം. ദേവസ്വം മന്ത്രിയായിരിക്കെ ജി സുധാകരൻ ശബരിമല ദർശനം നടത്തിയ സംഭവവും സി പി എം ചൂണ്ടി കാണിക്കുന്നുണ്ട്. മന്ത്രിമാരുടെയും സി പി എം നേതാക്കളുടെയും ബന്ധുക്കൾക്ക് ദൈവ വിശ്വാസം പാടില്ലെന്ന് പറയാൻ പാർട്ടിക്ക് കഴിയില്ലെന്നും ഉന്നത പാർട്ടി വൃത്തങ്ങൾ പറയുന്നു.
പാർട്ടിയുടെ അറിവോടെയാണ് കടകംപള്ളി ഗുരുവായൂരിൽ പോയത്. ഗുരുവായൂരിൽ ചെന്നാൽ ഭഗവാനെ നോക്കി വെറുതെ നിൽക്കാൻ സാധിച്ചില്ല. പതിനായിരകണക്കിനാളുകളാണ് ഓരോ ദിവസവും ഗുരുവായൂരിൽ എത്തുന്നത്. അവരിൽ കമ്മ്യൂണിസ്റ്റുകാർ ധാരാളം ഉണ്ടാകും. ആരും ദൈവത്തിൽ വിശ്വസിക്കരുതെന്ന് പറയാൻ പാർട്ടിക്കാവില്ല. ഗുരുവായൂരിൽ ചെന്നപ്പോൾ പൂജകൾ നടത്തേണ്ടി വന്നു. ഗുരുവായൂർ മേൽശാന്തി പ്രസാദം തന്നപ്പോൾ സ്വീകരിച്ചു. സ്വീകരിക്കില്ല എന്നു പറയാൻ എങ്ങനെ കഴിയും?
പുഷ്പാഞ്ജലി നടത്തിയതിൽ തെറ്റില്ലെന്ന് മന്ത്രി പറഞ്ഞു. തന്റെ ബന്ധുക്കൾ ദൈവ വിശ്വാസാകളാണെന്ന കാര്യം മന്ത്രി തുറന്നു സമ്മതിച്ചിട്ടുണ്ട്. മന്ത്രിയെ എതിർക്കാനുള്ള അവസരമാണ് ബി ജെ പിയും കോൺഗ്രസും ഉപയോഗിക്കുന്നത്. സംഭവം സി പി എമ്മിനെ വെട്ടിലാക്കിയെന്ന് പറയുന്നുണ്ടെങ്കിലും അത് ശരിയല്ല.
സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ദൈവ വിശ്വാസം പാടില്ലെന്ന് സി പി എമ്മിന്റെ ഭരണഘടനയിൽ പറയുന്നില്ല. ദൈവ വിശ്വാസം ഉള്ളവർക്കും ഇല്ലാത്തവർക്കും പാർട്ടിയിൽ അംഗമാകാം. എന്നാൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയിൽ ഭൗതികവാദം പുലർത്തേണ്ടത് അദ്ദേഹത്തിന്റെ ബാധ്യതയാണെന്ന് സി പി എം വിരുദ്ധർ പറയുന്നു.
ദേവസ്വം മന്ത്രിയായിരുന്ന സുധാകരൻ ഒരിക്കലും പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്ന് കടകംപള്ളി വിരുദ്ധർ പറയുന്നു. ഭക്തി വിഷയത്തിലെ വിവാദം കൃത്യമായി സൃഷ്ടിക്കുന്നത് സി പി എമ്മിനുള്ളിലെ ഗ്രൂപ്പുകാരാണ്. കടകംപള്ളി ഗുരുവായൂരിൽ ചെയ്ത കാര്യങ്ങൾ കിറു കൃത്യമായി എല്ലാവരെയും അറിയിച്ചത് ഗുരുവായൂരിൽ തന്നെയുള്ള പാർട്ടിക്കാരാണ്. വാർത്തയുണ്ടാക്കി മന്ത്രിയെ വിവാദത്തിലാക്കിയതും പാർട്ടിക്കാർ തന്നെയാണ്. കടകംപള്ളി വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് അദ്ദേഹത്തിന്റെ വിരുദ്ധർ തന്നെയാണ്.
https://www.facebook.com/Malayalivartha