നടിയെ ആക്രമിച്ച കേസിൽ ദിലീപ് അങ്കമാലി കോടതിയിൽ ജാമ്യാപേക്ഷ നൽകി
നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് നാടകീയമായി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. നേരത്തെ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഇതേ കോടതി തള്ളിയിരുന്നു. തുടർന്ന് ദിലീപ് രണ്ടുതവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യഹർജി തള്ളുകയായിരുന്നു. വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് കരുതിയിരിക്കുന്നതിനിടെയാണ് അങ്കമാലി കോടതിയിൽ ജാമ്യാപേക്ഷയുമായി എത്തിയത്.
നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന നടത്തിയത് താനാണെന്ന് ആരോപിക്കുക മാത്രമാണ് പ്രോസിക്യൂഷൻ ചെയ്തിരിക്കുന്നത്. ഇതിന് ആവശ്യമായ തെളിവുകൾ ഒന്നും ഹാജരാക്കിയിട്ടില്ല. നടിയെ ആക്രമിച്ച് നഗ്നചിത്രം എടുക്കാൻ പറഞ്ഞുവെന്ന് മാത്രമാണ് കേസ്. ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ രണ്ട് മാസമായി ജയിലിൽ കഴിയുന്ന തനിക്ക് സോപാധിക ജാമ്യത്തിന് അർഹതയുണ്ടെന്നും ദിലീപ് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനോ, തെളിവ് നശിപ്പിക്കാനോ ശ്രമിക്കില്ല.
അന്വേഷണവുമായി സഹകരിക്കാമെന്നും ദിലീപ് വ്യക്തമാക്കി. അച്ഛന്റെ ശ്രാദ്ധചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകിയപ്പോൾ വ്യവസ്ഥകൾ പാലിച്ച കാര്യവും ദിലീപ് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷ നാളെ അന്വേഷണസംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ പൊലീസിന്റെ അടുത്ത നീക്കങ്ങൾ കൂടി മനസിലാക്കിയ ശേഷം മാത്രം മതി മൂന്നാമതും ഹൈക്കോടതിയിൽ ജാമ്യപേക്ഷ സമർപ്പിക്കുന്നതെന്നതാണ് നിലവിൽ പ്രതിഭാഗത്തിന്റെ നിലപാട്.
ഇതേതുടർന്നാണ് അങ്കമാലി കോടതിയെ സമീപിച്ചത്. നാദിർഷയോട് നാളെ രാവിലെ പത്ത് മണിക്ക് മുമ്പായി ആലുവ പൊലീസ് ക്ലബ് മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ 18ന് കോടതി വിധി പറയുന്നുണ്ട്.
https://www.facebook.com/Malayalivartha