ബി.ജെ.പിക്കെതിരെ കടുത്ത നിലപാടുമായി എന്‍.എസ്.എസ്
ബിജെപിയും എന്‍.എസ്.എസും തമ്മിലുള്ള ബന്ധം വീണ്ടും വഷളായി. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ കാണാന്‍ ജി. സുകുമാരന്‍ നായര്‍ അനുമതി നിഷേധിച്ചു. ബുധനാഴ്ച കോട്ടയത്തുണ്ടായിരുന്ന കണ്ണന്താനത്തെ കാണാന്‍ സുകുമാരന്‍ നായര്‍ വിസമ്മതിക്കുകയായിരുന്നു. സുകുമാരന്‍ നായരെ കണ്ണന്താനം നേരിട്ടാണ് ഫോണില്‍ വിളിച്ചത്. എന്നാല്‍ തനിക്ക് സുഖമില്ലെന്നും കാണാന്‍ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ വലിഞ്ഞുകയറി പോകാന്‍ തനിക്ക് താത്പര്യമില്ലെന്ന് കണ്ണന്താനവും പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് എന്‍.എസ്.എസിന്റെ ബജറ്റിനിടയില്‍ കയറി ചെന്ന സുരേഷ് ഗോപിയെ സുകുമാരന്‍ നായര്‍ ഇറക്കിവിട്ടിരുന്നു. ബജറ്റ് സമ്മേളനം സംഘടനയുടെ സ്വകാര്യ കാര്യമാന്നും അത്തരം സമ്മേളനങ്ങളില്‍ പുറമേയുള്ളവര്‍ പങ്കെടുക്കാന്‍ പാടില്ലെന്നുമാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. സുരേഷ് ഗോപി ബി.ജെ.പിയില്‍ അരങ്ങേറ്റം കുറിക്കുന്ന കാലത്തായിരുന്നു ഇത്. പിന്നീട് സുരേഷ് ഗോപി രാജ്യസഭാംഗമായെങ്കിലും അദ്ദേഹത്തെ എന്‍.എസ്.എസ് അടുപ്പിച്ചിട്ടില്ല. ബി.ജെ.പിയോടുള്ള താത്പര്യ കുറവ് തന്നെയാണ് കാരണം. അതേ സമയം ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും പല നേതാക്കളും സുകുമാരന്‍ നായരെ കാണുന്നുണ്ട്. അവര്‍ക്കൊന്നും അദ്ദേഹം അനുമതി നിഷേധിക്കുന്നില്ല.
എന്‍.എസ്.എസ് പ്രവര്‍ത്തകരില്‍ ഒരു നല്ല ശതമാനം ബി.ജെ.പിയില്‍ ചേക്കേറുമ്പോഴാണ് കടുത്ത നിലപാടുമായി സംഘടന രംഗത്തുള്ളത്. എന്‍.എസ്.എസുമായി ചേര്‍ന്നു നില്‍ക്കാന്‍ ബി.ജെ.പി പല ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഒരു കരയിലും വള്ളമടുപ്പിക്കാന്‍ സുകുമാരന്‍ നായര്‍ സമ്മതിച്ചിട്ടില്ല. അതിന്റെ ഗുണം എന്‍.എസ്.എസിന് ലഭിക്കുന്നുണ്ട്. ഇടതു വലതു മുന്നണികളുമായി സംഘടനക്ക് വളരെ നല്ല ബന്ധമാണുള്ളത്. എന്‍.എസ്.എസിന്റെ ഒരാവശ്യം വന്നാല്‍ ഇരു പാര്‍ട്ടികളും അവഗണിക്കുകയില്ല.
എന്നാല്‍ ഇത്തരം നീക്കങ്ങളോട് യോജിക്കാത്തവരും സംഘടനയിലുണ്ട്. സമവായമാകാം, എന്നാല്‍ ആസ്ഥാനം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുമതി നല്‍കണമെന്നാണ് അവരുടെ വാദം. പക്ഷേ സുകുമാരന്‍ നായരെ എതിര്‍ക്കാനുള്ള ധൈര്യം ആര്‍ക്കുമില്ല.
ഏതായാലും കണ്ണന്താനത്തിന് സുകുമാരന്‍ നായരുടെ പെരുമാറ്റം അരോചകമായി മാറിയിട്ടുണ്ട്. തന്നോട് മോശമായി പെരുമാറിയെന്നു തന്നെയാണ് കണ്ണന്താനത്തിന്റെ വിശ്വാസം. എന്നാല്‍ കേന്ദ്രമന്ത്രിക്ക് സുകുമാരന്‍ നായരെ ഒന്നും ചെയ്യാനാവില്ല. കാരണം അതുക്കും മേലെയാണ് സുകുമാരന്‍ നായരുടെ സ്ഥാനം.
സുകുമാരന്‍ നായരെ പിണക്കാന്‍ ബി.ജെ.പി തയ്യാറല്ല. കാരണം എന്‍.എസ്.എസ് ഒരു വോട്ടു ബാങ്കാണ്. അവരെ പിണക്കി കൊണ്ട് പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ല. അങ്ങനെ മുന്നോട്ടു പോയാല്‍ വിജയിക്കുകയുമില്ല.
https://www.facebook.com/Malayalivartha