നെടുങ്കണ്ടത്ത് പെട്രോൾ പമ്പിനു സമീപം ബൈക്കിന് തീപിടിച്ചു; വൻദുരന്തത്തിൽനിന്നും നാടിനെ രക്ഷിച്ച് പമ്പ് ജീവനക്കാർ
നെടുങ്കണ്ടത്ത് പെട്രോൾ പമ്പിനു സമീപം ബൈക്കിന് തീപിടിച്ചു. പമ്പ് ജീവനക്കാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് തീ അണയ്ക്കുകയും വൻദുരന്തം ഒഴിവാകുകയും ചെയ്തു. ഇന്നലെ രാവിലെ 11നു കുമളി–മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടം കിഴക്കേ കവലയിൽ പ്രവർത്തിക്കുന്ന പമ്പിനു സമീപത്താണ് ബൈക്കിൽ തീയും പുകയും ഉയർന്നത്.
പെട്രോളടിച്ചശേഷം പുറത്തേക്ക് ഇറങ്ങി റോഡിലെത്തിയപ്പോഴാണ് ബൈക്കിൽ നിന്ന് പുകപടലം ഉയർന്നത് ബൈക്ക് യാത്രികന്റെയും പമ്പ് ജീവനക്കാരുടെയും ശ്രദ്ധയിൽപെട്ടത്. തീപിടിച്ചതോടെ യാത്രക്കാരൻ ഇരുചക്രവാഹനത്തിൽ നിന്നിറങ്ങി. പെട്ടെന്ന് സ്ഥലത്ത് പുകപടലം ഉയർന്നതോടെ സമീപത്തുണ്ടായിരുന്ന കാൽനടയാത്രക്കാരും ഭീതിയിലായി.
സമീപത്തായി നൂറുകണക്കിനു കെട്ടിടങ്ങളും ബാങ്കുകളുമാണ് പ്രവർത്തിക്കുന്നത്. വിവിധ കെട്ടിടങ്ങളിലായി നൂറുകണക്കിനാളുകളാണ് ജോലി ചെയ്യുന്നത്. പുക ഉയർന്നതോടെ ബൈക്ക് യാത്രികനും പരിഭ്രാന്തിയിലായി. സംഭവം ശ്രദ്ധയിൽപെട്ട മൂസയും പമ്പിലെ ജീവനക്കാരും ഓടിയെത്തി പമ്പിൽ സുക്ഷിച്ചിരുന്ന മണലും അഗ്നിശമനയന്ത്രവും ഉപയോഗിച്ച് തീയണയ്ക്കുകയായിരുന്നു.
സമീപത്തായി മറ്റ് വാഹനങ്ങളൊന്നുമില്ലാതിരുന്നതും അപകടത്തിന്റെ തീവ്രത കുറച്ചു. തീയണച്ചതിനുശേഷം ബൈക്ക് സ്ഥലത്ത് നിന്നു മറ്റൊരു വാഹനത്തിൽ നീക്കം ചെയ്തു. ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ നെടുങ്കണ്ടം ടൗൺ നശിച്ചേനെ. പമ്പ് മാനേജരും ജീവനക്കാരും ചേർന്ന് ആ വലിയ ദുരന്തത്തിൽ നിന്നും രക്ഷപെടുത്തി.
എൻജിനിലേക്ക് പെട്രോൾ കയറിപ്പോകുന്ന ഭാഗത്തുണ്ടായ ചോർച്ചയാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha