ചോദ്യം ചെയ്യുന്നതിന് വേണ്ടി ഹാജരാകാമെന്ന് നാദിര്‍ഷ; വേണ്ടെന്ന് പോലീസ്
നടിയെ ആക്രമിച്ച കേസിലെ ചോദ്യം ചെയ്യലിന് വേണ്ടി ഹാജരാകാന്‍ തയ്യാറാണെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ അന്വേഷണ സംഘത്തെ അറിയിച്ചു. ഇന്ന് നാല് മണിക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്നാണ് താരം അറിയിച്ചത്. നേരത്തെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് നാദിര്‍ഷ ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരായിരുന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നടന്നിരുന്നില്ല.
പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാദിര്‍ഷ, അല്‍പ്പ സമയം മുമ്ബാണ് തന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും നാല് മണിക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്നും അന്വേഷണ സംഘത്തെ അറിയിച്ചത്. എന്നാല്‍ രാവിലെ ഹാജരായപ്പോള്‍ രക്തസമ്മര്‍ദ്ദത്തിലും രക്തത്തിലെ ഷുഗര്‍ ലെവലിലും വ്യതിയാനം ഉണ്ടായതിന്റ അടിസ്ഥാനത്തില്‍ നാദിര്‍ഷായെ ഇപ്പോള്‍ ചോദ്യം ചെയ്യാന്‍ വിളിക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ നിലപാട്. മെഡിക്കല്‍ സംഘത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ താരത്തിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഇടയുള്ളൂ.
നോട്ടീസ് നല്‍കിയിരുന്നതനുസരിച്ച് ഇന്ന് രാവിലെ 10 മണിയോടെയാണ് ആലുവ പൊലീസ് ക്ലബ്ബില്‍ നാദിര്‍ഷ ഹാജരായത്. എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ തന്നെ താരം ശാരീരിക അവശതകള്‍ പ്രകടിപ്പിച്ചു. അമിതമായി വിയര്‍ക്കുകയും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ മെഡിക്കല്‍ സംഘം പരിശോധനകള്‍ നടത്തി. ഇതില്‍ താരത്തിന്റെ രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവിലും വ്യതിയാനമുള്ളതായി കണ്ടെത്തി. തുടര്‍ന്നാണ് നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ മാറ്റി വയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്.
https://www.facebook.com/Malayalivartha