ചിട്ടിതട്ടിപ്പ് നടത്തി ആയിരങ്ങളെ വഴിയാധാരമാക്കിയ നിര്‍മല്‍കൃഷ്ണ ചിട്ടിഫണ്ട് ഉടമ കരമനയിലെ ഭൂമി കൈമാറിയത് മുന്‍ കോണ്‍ഗ്രസ് മന്ത്രിയുടെ സുഹൃത്തിന്
ചിട്ടിതട്ടിപ്പ് നടത്തി ആയിരങ്ങളെ വഴിയാധാരമാക്കിയ നിര്‍മല്‍കൃഷ്ണ ചിട്ടിഫണ്ട് ഉടമ കെ നിര്‍മലന് നഗരഹൃദയത്തില്‍ ഉണ്ടായിരുന്ന സ്ഥലം കൈമാറിയത് മുന്‍ കോണ്‍ഗ്രസ് മന്ത്രിയുടെ സുഹൃത്തിന്. കരമന ശാസ്താ നഗറിനോട് ചേര്‍ന്ന് ദേശീയപാതയോരത്ത് 58.56 സെന്റ് സ്ഥലമാണ് നാലുകോടി രൂപയ്ക്കു ചെന്നൈ സ്വദേശിക്ക് വില്‍ക്കാന്‍ കരാറുണ്ടാക്കിയത്. ചിട്ടിക്കമ്പനി പൊളിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പേ ഉടമ തയ്യാറെടുത്തിരുന്നുവെന്ന് ഈ വസ്തു ഇടപാട് തെളിയിക്കുന്നു.
ജൂണ്‍ 29ന് ചാല സബ് രജിസ്ട്രാര്‍ ഓഫീസിലാണ് കരാര്‍ നടന്നത്. ഭൂമി കൈമാറ്റത്തിന്റെ ഭാഗമായി എസ്ബിഐ കന്നുമാമൂട് ശാഖയിലെ ചെന്നൈ സ്വദേശിയുടെ അക്കൌണ്ടില്‍നിന്ന് നിര്‍മലന്റെ പേരിലുള്ള എസ്ബിഐ ശാസ്തമംഗലം ബ്രാഞ്ചിലെ 67318963920 നമ്പര്‍ അക്കൗണ്ടിലേയ്ക്കാണ് ചെക്ക് മുഖേന അഡ്വാന്‍സ് തുക കൈമാറിയത്. രേഖയില്‍ കാണിച്ചിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ പണത്തിനാണ് സ്ഥലം വിറ്റതെന്ന സംശയം സമീപ വാസികള്‍ക്കുണ്ട്. റോഡുവികസനത്തിന്റെ ഭാഗമായി കരമനയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തിനു ശരാശരി 12 ലക്ഷം രൂപ വരെ ഈ ഭാഗത്ത് നല്‍കിയിട്ടുണ്ട്. സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള ഇടപാട് ഇതിലും ഇരട്ടിയിലേറെ തുകയ്ക്കാണ് ഇവിടെ നടക്കുന്നത്. ഇതിന് സമീപത്തെ ഭൂമി സെന്റിന് 22 ലക്ഷം രൂപയ്ക്ക് അടുത്തിടെ കൈമാറ്റം നടന്നിട്ടുണ്ട്.
നിര്‍മലന്റെ സുഹൃത്തായ തലസ്ഥാനത്തെ ഒരു മുന്‍ കോണ്‍ഗ്രസ് മന്ത്രിയുടെ സഹായത്തോടെയാണ് സ്ഥലം വാങ്ങാന്‍ ആളെ കണ്ടെത്തിയത്. ഈ സ്ഥലത്തിന് സമീപത്തെ കൈരളി പ്ളാസ കെട്ടിടത്തിനകത്ത് ഒരു റൂം നിര്‍മലന്റേതായിരുന്നു. മുന്‍ മന്ത്രിയും മറ്റ് ഇടപാടുകാരും സ്ഥിരമായി ഇവിടെ എത്തിയിരുന്നു. മുറി ഇപ്പോള്‍ പൂട്ടിയിരിക്കുകയാണ്. കരമനയിലെ സ്ഥലം വാങ്ങാനെത്തിയ ചെന്നൈ സ്വദേശി മുന്‍ മന്ത്രിയുടെ സുഹൃത്തും രാഷ്ട്രീയബന്ധമുള്ളയാളുമാണ്. വിലയാധാരം രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് ചെന്നൈ സ്വദേശിയില്‍നിന്ന് 50 ലക്ഷം രൂപ മുന്‍കൂറായി കൈപ്പറ്റിയതായി രേഖയില്‍ പറയുന്നു. ബാക്കിത്തുകയായ മൂന്നരക്കോടി രൂപ വാങ്ങിയശേഷം വിലയാധാരം രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്നാണ് കരാര്‍.
എന്നാല്‍, കരാര്‍ പ്രകാരമുള്ള തുകയ്ക്കല്ല ഇടപാട് എന്നാണ് വിവരം. മറ്റെന്തെങ്കിലും സാമ്പത്തിക ഇടപാടിനു പകരമായി നിര്‍മലന്‍ തന്റെ പേരിലുള്ള ഭൂമി കൈമാറിയതാകാനുള്ള സാധ്യതയാണ് സമീപവാസികളും നിര്‍മലന്റെ പരിചയക്കാരും പറയുന്നത്. നിര്‍മലന്റെ ബാങ്കില്‍ മുന്‍ മന്ത്രി ബിനാമിപേരില്‍ നടത്തിയ നിക്ഷേപത്തിന് പകരമായി ബാങ്ക് ഉടമ തന്റെ ഭൂമി മുന്‍ മന്ത്രി പറഞ്ഞയാള്‍ക്ക് കൈമാറുന്നതായാണ് വിവരം. ബാങ്ക് പൊളിയുന്നുവെന്ന വിവരം ചിട്ടിക്കമ്പനി ഉടമയുടെ ആത്മസുഹൃത്തായ മുന്‍ മന്ത്രി മനസ്സിലാക്കിയിരുന്നുവെന്ന് വ്യക്തം.
കെ നിര്‍മലന്‍ തന്റെ സ്ഥാപനം പൂട്ടുന്നതിനു മുമ്പ് ജില്ലയില്‍ ഉണ്ടായിരുന്ന വസ്തുക്കള്‍ വില്‍ക്കുകയോ ബിനാമി പേരുകളിലേക്കു മാറ്റുകയോ ചെയ്തിട്ടുണ്ട്. നിര്‍മലന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയെക്കുറിച്ച് നിക്ഷേപകര്‍ പൊലീസിനു വിവരം നല്‍കിയിട്ടുണ്ട്. ഈ ഭൂമിയില്‍ മിക്കതും തലസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടേതാണെന്നും നിര്‍മലന്റെ ഇടപാടുകളില്‍ ഏറെയും ഇവര്‍ക്കുവേണ്ടിയായിരുന്നുവെന്നും വഞ്ചിക്കപ്പെട്ടവര്‍ പറയുന്നു. നിര്‍മലന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഇടയ്ക്ക് ക്ഷീണമുണ്ടായപ്പോള്‍ സുഹൃത്തുക്കളായ രാഷ്ട്രീയ നേതാക്കള്‍ നിക്ഷേപത്തുക കൂട്ടത്തോടെ പിന്‍വലിച്ചതുമാണ് പതനത്തിനു കാരണം. കമ്പനി പൊളിയുമെന്ന് ഉറപ്പായതോടെ നേതാക്കളെല്ലാം നിക്ഷേപം കൈക്കലാക്കി.
https://www.facebook.com/Malayalivartha