ഭ്രാന്തമായ കാമം സാക്ഷാത്കരിക്കാൻ ഉറ്റവരെ കൊന്നുതള്ളിയ കൊലപാതകങ്ങളുടെ ചരിത്രം ഇങ്ങനെ...
വിവാഹിതാരയ സ്ത്രീകൾക്കിടിയിൽ പരപുരുഷബന്ധങ്ങളും അതുമായി ബന്ധപ്പെട്ടുള്ള കൊലപാതകങ്ങളും തുടർച്ചയാകുമ്പോൾ അത് കണ്ട് ഞെട്ടുകയാണ് സാക്ഷര കേരളം. സാമ്പത്തിക പരാധീനതകളോ അറിവിന്റെകുറവോ അല്ല വഴിവിട്ട ബന്ധങ്ങൾക്കും കൊലപാതങ്ങൾക്കും വഴിയൊരുക്കിയത്. ഭ്രാന്തമായ കാമം അവരെ അന്ധരാക്കുകയാണ്. വഴിവിട്ട ബന്ധത്തിനായി മകളെയും ഭര്‍ത്താവിനെയും അച്ഛനമ്മമാരെയും വരെ കൊല്ലുന്ന സംഭവങ്ങള്‍ കേരളം സാക്ഷ്യം വഹിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം പാലക്കാട് തോലന്നൂരിൽ നടന്ന കൊലയും അത്തരത്തിലൊന്ന് തന്നെ.
വഴി വിട്ട ബന്ധത്തെ എതിർത്ത ഭർത്താവിന്‍റെ അമ്മയേയും അച്ഛനേയും കാമുകനുമായി ചേർന്ന് വക വരുത്തിയ അരുംകൊലയുടെ വാർത്തയിൽ നടുങ്ങിയിരിക്കുകയാണ് കേരളീയർ. കാരണവർ വധക്കേസിലെ പ്രതി ഷെറിൻ, അമ്മായിയമ്മയെയും സ്വന്തം മകളെയും കൊലപ്പെടുത്തിയ കേസിലെ അനുശാന്തി പാലക്കാട് തോലന്നൂരിലെ വൃദ്ധദമ്പതികളെ കൊലപ്പെടുത്താൻ കൂട്ടു നിന്ന മരുമകൾ ഷീജ ഇങ്ങനെ പട്ടിക നീളുകയാണ്.
കാരണവർ വധക്കേസിലെ ഷെറിൻ
നിർദ്ധന കുടുംബത്തിലെ അംഗമായ ഷെറിനെ ഭാസ്കര കാരണവർ മരുമകളാക്കിയത് ബുദ്ധിമാന്ദ്യമുള്ള മകനെ ശുശ്രൂഷിക്കുമെന്നോർത്താണ്. 2001ൽ വിവാഹത്തെ തുടർന്ന് ഷെറിനെയും ബിനുവിനെയും കാരണവർ ന്യൂയോർക്കിലേക്ക് കൊണ്ടുപോയെങ്കിലും മരുമകളുടെ സ്വഭാവദൂഷ്യം കാരണം കൊലപാതകം നടക്കുന്നതിനു മൂന്നു വർഷം മുമ്പ് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
ഭർത്താവിന്റെ പണത്തിൽ ധൂർത്തടിച്ച് നടക്കാനും ഇഷ്ടമുള്ളവർക്കൊപ്പം കഴിയാനുമായിരുന്നു ഷെറിനു താത്പര്യം. മകന്റെ കാര്യത്തിൽ തന്റെ കണക്കു കൂട്ടലുകൾ തെറ്റിയെന്ന് മനസിലാക്കിയ കാരണവർ പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തുകയായിരുന്നു.
ഇതോടെ സ്വൈര്യവിഹാരം നഷ്ടപ്പെട്ട ഷെറിൻ അസ്വസ്ഥയായി. തന്റെ ആവശ്യങ്ങൾക്ക് പണ നിയന്ത്രണം വച്ചപ്പോൾ പക കടുത്തു. സ്വത്ത് വിഹിതം വച്ച ആധാരത്തിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന് അറിഞ്ഞതോടെയാണ് ഷെറിൻ കാരണവരെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.സുഹൃത്തും കാമുകനുമായ ബാസിത് അലിയും ചേർന്നാണ് കൊലപാതകം ആസുത്രണം ചെയ്തത്.
ബാസിത് അലിയും മറ്റ് 2 പേരും ചേർന്നാണ് കാരണവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മരണം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പൊലീസ് ഷെറിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. മോഷണത്തിനിടെ മരണം നടന്നുവെന്ന് കാണിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയെങ്കിലും അതെല്ലാം പാളിപ്പോയി. വിവിധ കുറ്റങ്ങൾക്കായി മൂന്ന് ജീവപര്യന്തമാണ് ഷെറിന് ലഭിച്ചത്.ഷെറിൻ ഇപ്പോഴും അട്ടക്കുളങ്ങര ജയിലിൽ തടവുശിക്ഷ അനുഭവിക്കുകയാണ്.
അനുശാന്തി
2014 ഏപ്രിൽ 16 നാണ് കേരളത്തെ നടുക്കിയ ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം നടന്നത്.ടെക്നോപാർക്ക് ജീവനക്കാരി അനുശാന്തിയും സഹപ്രവർത്തകൻ നിനോ മാത്യുവുവും തമ്മിലുള്ള അവിഹിതം ഭർത്താവ് കണ്ടുപിടിച്ചതാണ് അരും കൊലയിൽ കലാശിച്ചത്. കൊലപാതകത്തിനിരയായതാകട്ടെ അനുശാന്തി ലിജീഷ് ദമ്പതികളുടെ ഏകമകൾ നാലു വയസുകാരി സ്വാസ്ഥികയും ലിജേഷിന്റെ മാതാവ് ഓമനയും. ഇരുവരെയും അതിക്രൂരമായാണ് നിനോ മാത്യു കൊലപ്പെടുത്തിയത്.
അതിന്റെ ദൃശ്യങ്ങൾ കാമുകിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ടെക്നോപാർക്കിലെ ഡയമെൻഷ്യൻ ഐ.ടി സ്ഥാപനത്തിലെ പ്രോജക്ട് മാനേജറായിരുന്നു നിനോ മാത്യു. വീടിന്റെ സിറ്റ് ഔട്ട്, ഡ്രോയിംഗ് റൂം തുടങ്ങി അടുക്കളവരെയുള്ള മുറികളുടെയും വാതിലുകളുടെയും വീഡിയോ, മുറികളുടെ വിവിധകോണുകളിൽ നിന്നുള്ള ചിത്രങ്ങൾ, കൊലയ്ക്കുശേഷം വീടിനു പിറകിലെ വയൽവരമ്പിലൂടെ രക്ഷപ്പെട്ട് ബസ് സ്റ്റോപ്പിലെത്താനുള്ള വഴിയുടെ വീഡിയോ എന്നിവയെല്ലാം മൊബൈലിൽ പകർത്തി വാട്ട്സ് ആപ്പിലൂടെ അനുശാന്തി നിനോ മാത്യുവിന് കൈമാറി.
മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ 2014 ഏപ്രിൽ 16 കൂട്ടക്കൊലയ്ക്ക് നിശ്ചയിച്ചു. ഇരുവരുടെയും കേളീരംഗങ്ങൾക്ക് ഇരുവരുടെയും സഹപ്രവർത്തകയുമായ നിനോയുടെ ഭാര്യ മൂകസാക്ഷിയായി. ലിജീഷ് അവിഹിതം കണ്ടെത്തിയതോടെ നാടുവിടാനാണ് ഇരുവരും പദ്ധതിയിട്ടത്. അതിനു മുമ്പ് കൊല നടത്താം. ലിജീഷിനെ ലക്ഷ്യമിട്ട് ചെന്ന നിനോയ്ക്കു മുന്നിൽ പെട്ടത് പാവം ഓമനയും നാലുവയസുകാരി സ്വാസ്ഥികയും. സംഭവം നടന്നതറിഞ്ഞ അനുശാന്തി നേരെ പോയത് സ്വന്തം വീട്ടിലേക്കായിരുന്നു. മകളുടെ മുഖം അവസാനമായി കാണാൻ പോലും ആ അമ്മ എത്തിയില്ല. കണ്ണീരും ഒഴുക്കിയില്ല. ഇതെല്ലാം പൊലീസിന്റെ ജോലി എളുപ്പത്തിലാക്കുകയായിരുന്നു.
ലിജീഷ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതാണ് ഇരട്ടക്കൊലയ്ക്ക് അപ്രതീക്ഷിത ക്ലൈമാക്സുണ്ടാക്കിയത്. തലയോട്ടിയുടെ പുറംഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റെങ്കിലും ലിജീഷിന് നിനോ മാത്യുവിനെ ഓർത്തെടുക്കാനായത് അന്വേഷണത്തിൽ വഴിത്തിരിവായി.
വീട്ടിലെ അലമാരയിൽ നിന്നും ഓമനയുടെയും സ്വാസ്തികയുടെയും ശരീരത്തിൽ നിന്നും ആഭരണങ്ങൾ കവർന്ന് കവർച്ചയ്ക്കുവേണ്ടിയുള്ള കൊലപാതകമാണെന്ന് വരുത്തി തീർക്കാനുള്ള പദ്ധതിയാണ് പൊളിഞ്ഞത്. അന്വേഷണസംഘം വിരിച്ച വലയിൽ നിനോ മാത്യു അകപ്പെടുകയായിരുന്നു. അനുശാന്തിയും നിനോയും തമ്മിലുള്ള കാമകേളികളുടെ മുന്നൂറിലധികം വീഡിയോ ദൃശ്യങ്ങളാണ് പൊലീസിന് കിട്ടിയത്. പുലരുംവരെ നീളുന്ന ചാറ്റുകളും ലഭിച്ചതോടെ ആവശ്യത്തിന് തെളിവുകളായി. കൂട്ടുപ്രതി അനുശാന്തിയാണെന്ന് വ്യക്തമായതോടെ അർദ്ധരാത്രിയിൽ തന്നെ അവരെയും അറസ്റ്റ് ചെയ്തു. 2016ൽ കോടതി നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ജീവപര്യന്തം തടവും വിധിച്ചു.
മധുവിധു
ജീവിതത്തെക്കുറിച്ച് ഒരുപാട് മോഹങ്ങളായിരുന്നു തമിഴ്നാട് പമ്മൽ ശങ്കർ നഗർ സ്വദേശി അനന്തരാമനുണ്ടായിരുന്നത്. 2006 ജൂൺ 5നാണ് അനന്തരാമൻ ചെന്നൈ സ്വദേശിയായ ശ്രീവിദ്യയെന്ന 24കാരിയുടെ കഴുത്തിൽ താലി ചാർത്തിയത് .
ഭാര്യയുടെ ആദ്യ ആഗ്രഹമെന്ന നിലയിൽ അനന്തപദ്മനാഭൻ ഹണിമൂണിനായി ജൂൺ 18ന് കേരളത്തിലെത്തി. 20ന് മൂന്നാറിലും. മരണം കാത്തിരിക്കുന്നത് അയാൾ അറിഞ്ഞതേയില്ല. ഭാര്യയുമൊത്ത് കുണ്ടളയിലെത്തിയ അനന്തപദ്മനാഭൻ മടങ്ങിയത് ജീവനില്ലാത്ത ശരീരമായി.
മോഷണ ശ്രമം ചെറുത്ത ഭർത്താവിനെ രണ്ടുപേർ ചേർന്ന് കൊന്നുവെന്ന് അലറി വിളിച്ചു. വിനോദയാത്രയ്ക്കെത്തിയ മറ്റുള്ളവരും നാട്ടുകാരും ആ അന്യനാട്ടുകാരിക്ക് സഹായവുമായി കൂടെയെത്തി. ഓട്ടോറിക്ഷാക്കാരായ രണ്ടുപേരാണ് ഇതു ചെയ്തതെന്ന് ശ്രീവിദ്യ പൊലീസിനോട് പറഞ്ഞു. അന്നു വൈകിട്ട് തന്നെ സംശയം തോന്നി ചെന്നൈ സ്വദേശികളായ ആനന്ദ്, അൻപുരാജ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവിടെ കഥയാകെ മാറി. ശ്രീവിദ്യ പറഞ്ഞിട്ടാണ് തങ്ങൾ വന്നതെന്നും എല്ലാം അവരുടെ അറിവോടെയാണെന്നും താനും ശ്രീവിദ്യയും വർഷങ്ങളായി പ്രണയത്തിലാണെന്നും ആനന്ദ് പറഞ്ഞു. ഒരുമിച്ചുള്ള ചോദ്യം ചെയ്യലിൽ ശ്രീവിദ്യ എല്ലാം സമ്മതിച്ചു. ഭർത്താവിനെ കൊന്ന് കാമുകനുമായി രക്ഷപെടുകയായിരുന്നു പദ്ധതി.
മരുമകൾ ഷീജ
പാലക്കാട് തോലന്നൂർ പുളക്കപറമ്പിൽ സ്വാമിനാഥന്റെയും ഭാര്യ പ്രേമകുമാരിയുടെയും ജീവൻ കവർന്നതും മരുമകൾ ഷീജയുടെ വഴിവിട്ട ബന്ധം തന്നെ. ഭർത്താവ് പ്രദീപ്കുമാർ സൈനികസേവനത്തിനു പോയ അവസരം ഷീജ ശരിക്കും മുതലെടുത്തു. അയൽവാസിയായ സദാനന്ദനോടുള്ള അടുപ്പം അവിഹിതമായി വളരാൻ അധികനാൾ വേണ്ടി വന്നില്ല. സദാനന്ദന്റെ ഫോണിൽ ഷീജയുടെ ഫോട്ടോ സ്ക്രീൻ സേവറായി മറ്റൊരാൾ കണ്ടതോടെയാണ് കാര്യങ്ങൾ ഇത്രവേഗം കൊലപാതകത്തിൽ കലാശിച്ചത്.
തന്റെ വിവാഹേതര ബന്ധം അമ്മായിയപ്പൻ ഭർത്താവിനെ അറിയിക്കുമോയെന്ന ആശങ്കയും ഷീജയ്ക്കുണ്ടായിരുന്നു. ക്രിമിനലായ സദാനന്ദനെ പ്രണയച്ചതിയിൽ വീഴ്ത്തി ഷീജ ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനു നൽകിയിരിക്കുന്ന മൊഴി. ഭർത്താവിന്റെ മാതാപിതാക്കളിൽ ആരെയെങ്കിലും ഒരാളെ വധിച്ചാൽ ഓട്ടോറിക്ഷ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും പറയപ്പെടുന്നു
https://www.facebook.com/Malayalivartha