ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ പിടിക്കാനുള്ള ശ്രമം തുടരുന്നു; ബത്തേരിയില്‍ ബിജെപി ഹര്‍ത്താല്‍
ബത്തേരിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ പിടിക്കാനുള്ള ശ്രമം തുടരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. കടുവയെ കണ്ട വിവിധയിടങ്ങളില്‍ കൂടുകള്‍ സ്ഥാപിച്ചു. വന്യമൃഗശല്യത്തിനെതിരെ നടപടിയില്ലെന്നാരോപിച്ച് ബിജെപി ബത്തേരി താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
വീടുകള്‍, സ്കൂളുകള്‍, ആരാധനാലയങ്ങള്‍ ഇതെല്ലാമുള്ള സ്ഥലങ്ങളിലൂടെയാണ് കടുവ സഞ്ചരിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ രണ്ടു വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. നാട്ടുകാരെല്ലാം ഭീതിയിലാണ്.
വെള്ളിയാഴ്ച രാവിലെ മുതല്‍ വൈകിട്ട് വരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തി. കഠിനപ്രയത്നം നടത്തിയിട്ടും കടുവയെ മയക്കുവെടിവെക്കാനായില്ല. കാപ്പിത്തോട്ടത്തില്‍ പലയിടങ്ങളിലായി ഒളിച്ചിരിക്കുകയാണ് കടുവ.
നാട്ടുകാര്‍ വിവിധ ഇടങ്ങളില്‍ തടിച്ചു കൂടുന്നതും പ്രശ്നമുണ്ടാക്കി. രണ്ട് സ്ഥലത്താണ് കൂടുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വന്യമൃഗശല്യത്തില്‍ നടപടികള്‍ എടുക്കുന്നില്ലെന്നാരോപിച്ചാണ് ബിജെപി ഹര്‍ത്താല്‍. എന്നാല്‍ എല്ലാ നടപടികളും എടുക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണനും തിരച്ചില്‍ നടക്കുന്നയിടത്ത് സജീവമായിരുന്നു.
https://www.facebook.com/Malayalivartha