ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഉച്ചയ്ക്കു ശേഷം പരിഗണിക്കും; നാദിർഷയെ നാളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം
നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് ഉച്ചയ്ക്കു ശേഷം പരിഗണിക്കും. നടിയുടെ നഗ്നചിത്രങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെയുള്ളതെന്നും അതിൽ അന്വേഷണം പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നാണു ഹർജിയിൽ ദിലീപ് പറയുന്നത്.
നടൻ ദിലീപ് നാലാം തവണയാണു ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തുന്നത്. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളി. തുടർന്നാണ് ദിലീപ് വീണ്ടും കീഴ്ക്കോടതിയെ സമീപിക്കുന്നത്. ജയിൽവാസം 60 ദിവസം പിന്നിട്ടതിനാൽ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ക്രിമിനൽ നടപടിച്ചട്ടം 376 (രണ്ട്) പ്രകാരമുള്ള കുട്ടമാനഭംഗക്കുറ്റം തന്റെ പേരിൽ നിലനിൽക്കില്ല.
ഇതുണ്ടെങ്കിൽ മാത്രമേ 90 ദിവസം റിമാൻഡിന് കാര്യമുള്ളൂ. നഗ്നചിത്രമെടുക്കാൻ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ഇപ്പോൾ ചുമത്തപ്പെട്ടിട്ടുള്ളത്. അതുപ്രകാരം 60 ദിവസത്തിൽ കൂടുതൽ റിമാൻഡിൽ കഴിഞ്ഞാൽ സോപാധിക ജാമ്യത്തിനു പ്രതി അർഹനാണ്. അതിനാൽ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സംവിധായകൻ നാദിർഷായെ നാളെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം. ആലുവ പൊലീസ് ക്ലബിൽ വെള്ളിയാഴ്ച രാവിലെ ഹാജരായ നാദിർഷായുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണു ചോദ്യം ചെയ്യൽ മാറ്റിവെച്ചത്. പിന്നീട് നാദിർഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകുന്നേരത്തോടെ ചോദ്യംചെയ്യലിനു തയാറാണെന്ന് അറിയിച്ചു. എന്നാൽ, വിശദമായ നിയമോപദേശം തേടിയ ശേഷം മാത്രം ചോദ്യം ചെയ്താല്‍ മതിയെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha