വനംവകുപ്പിനും ഹരിത എം എല്‍ എമാര്‍ക്കുമെതിരെ ഗണേഷ്കുമാര് രംഗത്ത്
നെല്ലിയാമ്പതി ഭൂമി നഷ്ടപ്പെട്ട വിഷയത്തില്‍ വനംവകുപ്പിനും ഹരിത എം എല്‍ എമാര്‍ക്കുമെതിരെ കെ ബി ഗണേഷ്കുമാര് രംഗത്ത്. ഭൂമി നഷ്ടപ്പെട്ട കാര്യം അറിയില്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്ന് ഗണേഷ്കുമാര് കുറ്റപ്പെടുത്തി. ഹരിത എം എല്‍ എമാര്‍ ആരെയൊ ഭയക്കുന്നതിനാലാണ് പ്രതികരിക്കാത്തതെന്നും ഗണേഷിന്റെ ആരോപണം.
നെല്ലിയാമ്പതിയില്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സമിതിയെ മറികടന്ന് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ വനഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് നല്‍കിയിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഭൂമി നഷ്ടപ്പെട്ടതായി അറിയില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. നിയമങ്ങള്‍ ലംഘിച്ച് ഉദ്യോഗസ്ഥര്‍ എങ്ങനെ ഭൂമി കൈമാറ്റം നടത്തിയെന്ന് അന്വേഷണം വേണമെന്നും ഗണേഷ്കുമാര് ആവശ്യപ്പെട്ടു.
താന്‍ വനമന്ത്രിയായിരുന്ന കാലത്ത് വിഷയത്തില്‍ സുതാര്യമായ അന്വേഷണം നടന്നിരുന്നു. എന്നാല്‍ പ്രതിപക്ഷമോ ഹരിത എം എല്‍ എമാരോ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്നും അവര്‍ ആരോയോ ഭയക്കുന്നുവെന്നും ഗണേഷ്കുമാര് ആരോപിച്ചു.
എന്നാല്‍ നെല്ലിയാമ്പതി വിഷയത്തില്‍ മുന്‍ നിലപാടില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും വിഷയം സഭയില്‍ ഉള്‍പ്പെടെ ഉന്നയിച്ചതാണെന്നും എം എല്‍ എമാരായ വി ഡി സതീശനും ടി എന്‍ പ്രതാപനും പ്രതികരിച്ചു.
https://www.facebook.com/Malayalivartha