ടിക്കറ്റെടുക്കാതെ പ്രാവിന്റെ ബസ് യാത്ര; കണ്ടക്ടര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി!!
സാധാരണ ബസില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് ടിക്കറ്റ് വേണം. എന്നാല്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ടിക്കറ്റ് വേണോ. എന്തിനേറെ പറയുന്നു ഒരു പ്രാവായാല്‍ പോലും ടിക്കറ്റെടുക്കണമെന്നാണു നിയമം പറയുന്നത്. ഇതു മാത്രമല്ല ബസില്‍ യാത്ര ചെയ്ത പ്രാവിനു ടിക്കറ്റ് നല്‍കാത്തതിന് കണ്ടക്ടര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി വാര്‍ത്ത സൃഷ്ടിച്ചിരിക്കുകയാണ് ഈ ഇന്‍സ്‌പെക്ടര്‍. തമിഴ്‌നാട്ടിലെ ഹരൂരില്‍ നിന്ന് എല്ലാവഡി എന്ന ആദിവാസി ഗ്രാമത്തിലേക്കു സര്‍വീസ് നടത്തുന്ന തമിഴ്‌നാട് ആര്‍.ടി.സി ബസില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം ഏവര്‍ക്കും കൗതുകമുണ്ടാക്കുന്നതാണ്.
യാത്രക്കിടെ ചെക്കിങ്ങിനായി ഇന്‍സ്‌പെക്ടര്‍ ബസില്‍ കയറി. ബസിലുണ്ടായിരുന്ന എണ്‍പതു യാത്രക്കാരും ടിക്കറ്റെടുത്തെന്ന് ബോധ്യപ്പെട്ട് ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് മദ്യപാനിയായ ഒരു 40കാരന്‍ മടിയിലിരുത്തി ഒരു പ്രാവിനോടു സംസാരിക്കുന്നത് ഇയാളുടെ ശ്രദ്ധയില്‍ പെട്ടത്. സന്തതസഹചാരിയായിരുന്ന പ്രാവ് ബസ് യാത്രയിലും ഇയാള്‍ക്കൊപ്പമിരിക്കുകയായിരുന്നു.
ഉടന്‍ തന്നെ പ്രാവിന് ടിക്കറ്റ് എടുത്തോയെന്ന് ഇന്‍സ്‌പെക്ടര്‍ ചോദിച്ചു. ആദ്യം സംഗതി തമാശയാണെന്നാണ് ബസിലെ കണ്ടക്ടറും മറ്റു യാത്രക്കാരും ആദ്യം കരുതിയത്. ടിക്കറ്റെടുത്ത സമയത്ത് അയാളോടൊപ്പം പ്രാവില്ലായിരുന്നതിനാല്‍ ടിക്കറ്റ് നല്‍കിയില്ലെന്ന് കണ്ടക്ടര്‍ മറുപടി നല്‍കി.
എന്നാല്‍ പ്രാവിന് ടിക്കറ്റ് നല്‍കാത്തതില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ഇന്‍സ്‌പെക്ടര്‍ മെമ്മോ നല്‍കിയതോടെ സംഗതി കാര്യമാണെന്ന് കണ്ടക്ടര്‍ക്കു മനസിലായത്. നിലവിലുള്ള നിയമ പ്രകാരം ബസില്‍ യാത്രചെയ്യുന്ന മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഉടമസ്ഥര്‍ ടിക്കറ്റെടുക്കേണ്ടതാണ്. ടിക്കറ്റ് എടുക്കാത്ത പക്ഷം കണ്ടക്ടര്‍ അവരെ യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നാണ് നിയമം. ഏതായാലും ഒരു പ്രാവു കാരണം പുലിവാലു പിടിച്ചിരിക്കുകയാണ് കണ്ടക്ടര്‍.
https://www.facebook.com/Malayalivartha