സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ജനജീവിതം ദുസ്സഹമാകുന്നു , ഉരുള്‍പൊട്ടലില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്നാം ക്‌ളാസുകാരി മരിച്ചു
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ജനജീവിതം ദു:സഹമായി. പലയിടത്തും വ്യാപക നാശനഷ്ടങ്ങളുമുണ്ടായി. അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ വീണ് കുട്ടി മരിച്ചു. ആനക്കല്ലില്‍ സ്വദേശിനിയായ മൂന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിനി ആതിരയാണ് മരിച്ചത്. വീട്ടില്‍ കക്കൂസിനായി എടുത്ത കുഴിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നു. ഇതില്‍ കാല്‍വഴുതി വീണാണ് ആതിര മരിച്ചത്.
കോട്ടയം ജില്ലയിലും കനത്ത മഴ നാശം വിതച്ചു. ചിങ്ങവനത്ത് റെയില്‍വേ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മണ്ണ് നീക്കി ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ റെയില്‍വേ തുടങ്ങി. എന്നാല്‍, മഴ തോരാതെ നില്‍ക്കുന്നത് ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്.
അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉള്‍പ്രദേശങ്ങളായതിനാല്‍ നാശനഷ്ടങ്ങളുടെ വ്യക്തമായ രൂപം അറിയാനായിട്ടില്ല. വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കൃഷിയിടങ്ങളിലും വെള്ളം കയറി. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പാലക്കാട് അട്ടപ്പാടി റൂട്ടില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. താമരശേരി, കുറ്റിയാടി ഭാഗങ്ങളിലും മഴ നാശം വിതച്ചു. വീടുകള്‍ തകര്‍ന്നു. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി വരികയാണ്.
ഇന്നലെ രാത്രി ആരംഭിച്ച മഴ പലയിടത്തും ശക്തമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്. അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര തീരമേഖലയിലേക്ക് പോകുന്നവരോട് ജാഗ്രത പാലിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. തിരുവനന്തപുരത്തും കനത്ത മഴ തുടരുകയാണ്.
https://www.facebook.com/Malayalivartha