സംസ്ഥാനത്ത് മഴ ശക്തം...ചൊവ്വാഴ്ച വരെ തുടരാന്‍ സാധ്യത, മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം
സംസ്ഥാനത്ത് മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളില്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയുള്ള യാത്രകള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം. ഈ സാഹചര്യത്തില്‍ അടിയന്തരാവശ്യത്തിനു പോകുന്ന വാഹനങ്ങള്‍ മാത്രമേ മലയോര മേഖലകളിലേക്കു കടത്തിവിടൂവെന്നും ദുരന്തനിവാരണ അതോറിറ്റി നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി.ഈ മേഖലയില്‍ വിനോദ സഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇപ്പോള്‍ പെയ്യുന്ന ശക്തമായ മഴ ചൊവ്വാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോഴും ശക്തമായ മേഘസാന്നിദ്ധ്യമുണ്ട്. അറബിക്കടലിലും മഴമേഘങ്ങളുടെ വന്‍ നിര കാത്തുകിടക്കുന്നു. രാജ്യമെങ്ങും അടുത്തയാഴ്ചയോടെ മണ്‍സൂണ്‍ ഒരു വട്ടം കൂടി ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. 19നു രാവിലെ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
കനത്ത മഴയും മണ്ണിടിച്ചിലും കണക്കിലെടുത്ത് മൂന്നാറിലേക്കുള്ള ഗതാഗതം നിരോധിച്ചു. ദേശീയപാത നേര്യമംഗലത്ത് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ചു. കൊച്ചിധനുഷ്‌കോടി ദേശീയപാതയിലും മണ്ണാര്‍ക്കാട് അട്ടപ്പാടി ചുരം റോഡിലും മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം നിറുത്തിവച്ചു. വയനാട് ചുരത്തില്‍ വ്യൂപോയന്റിനടുത്ത് മരം റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഈ വഴിയുള്ള ഗതാഗതം തടസപ്പെട്ടു.
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഉത്തരവ്. ആരോഗ്യ സര്‍വകലാശാലയും എം.ജി സര്‍വകലാശാലയും തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പകരം തീയതി പിന്നീട് പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha