യേശുദാസിന് പത്മനാഭസ്വാമിക്ഷേത്രത്തിൽ പ്രവേശിക്കാം.. എന്നാൽ ഭാര്യയുടെ ക്ഷേത്രപ്രവേശനത്തിൽ ഭരണസമിതിയുടെ തീരുമാനം ഇങ്ങനെ
ഗാനഗന്ധർവൻ യേശുദാസിനായി നട തുറക്കും. സന്തത സഹചാരിയായ ഭാര്യയെ തടയുമോ? ആരാധകർ ആശങ്കയിലാണ്. ഹിന്ദുവിശ്വാസിയായ തനിക്കു ശ്രീപത്മനാഭസ്വാമിയെ ദർശിക്കാൻ അനുമതി നൽകണമെന്നഭ്യർഥിച്ച് യേശുദാസ് സമർപ്പിച്ച സത്യാവാങ്മൂലം ഭരണസമിതി അംഗീകരിച്ചു. എന്നാൽ ഭാര്യ വന്നാൽ എന്തു ചെയ്യണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
വിജയദശമി ദിനമായ സപ്തംബർ 30ന് ക്ഷേത്രദർശനത്തിന് അനുവാദം നൽകണമെന്നായിരുന്നു യേശുദാസിന്റെ ആവശ്യം. 2014 മുതൽ, ഹൈന്ദവധർമവും ആചാരാനുഷ്ഠാനങ്ങളും പിന്തുടരുന്ന വിശ്വാസിയാണെന്നു സ്വന്തം സത്യവാങ്മൂലം നൽകുന്ന ആർക്കും പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശനം നൽകിവരുന്നുണ്ട്. ഇതാണ് സത്യവാങ്മൂലം നൽകിയതിലൂടെ യേശുദാസ് പാലിച്ചത്. താൻ ഹിന്ദുമത വിശ്വാസിയാണെന്നു രേഖാമൂലം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും കത്തിനൊപ്പം ചേർത്തിരുന്നു.
സ്വാതിതിരുനാൾ രചിച്ച പത്മനാഭശതകം ക്ഷേത്രം കൽമണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ ഇരുന്ന് യേശുദാസ് ആലപിക്കും. ക്ഷേത്രത്തിന്റെ ഭരണഘടന അനുസരിച്ചുള്ള ദർശനം മാത്രമേ അനുവദിക്കൂ. പത്‌നി ഉൾപ്പെടെയുള്ളവരെ യേശുദാസിനൊപ്പം ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കണോ എന്നുള്ള കാര്യത്തിലും പിന്നീടു തീരുമാനമെടുക്കാനാണു യോഗത്തിലുണ്ടായ ധാരണ. എന്നാൽ ക്ഷേത്ര ദർശനത്തിന് യേശുദാസിന് എല്ലാ സൗകര്യവും ഒരുക്കും.
ഭരണസമിതിയുടെ അനുവാദം ലഭിച്ച സ്ഥിതിക്ക് ദർശനം നടത്തുന്ന തീയതി യേശുദാസിനു തീരുമാനിക്കാം. സൂര്യ ഫെസ്റ്റിവലിനു മുന്നോടിയായി തലസ്ഥാനത്തെത്തുന്ന യേശുദാസ് ഇതിനടുത്ത ദിവസങ്ങളിൽ ദർശനം നടത്തുമെന്നാണു സൂചന.
ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന യേശുദാസ് ഹിന്ദുമതം സ്വീകരിച്ചതിൽ അഭിനന്ദനച്ച്ക്കൊണ്ട് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ്ചെയ്തിരുന്നു. ഗാനഗന്ധർവന് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണണെന്ന് ആവശ്യപ്പെട്ട് എംപിയും നടനുമായ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. വിശ്വാസികളായ എല്ലാവർക്കും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്നാണു സർക്കാർ നിലപാടെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.
എന്നാൽ ഭാര്യയുടെ കാര്യത്തിൽ വിശദീകരണമൊന്നുമില്ല. യേശുദാസിന്റെ ഭാര്യയും സത്യവാങ്മൂലം കൊടുത്താൽ അവരേയും ക്ഷേത്രദർശനത്തിന് അനുവദിക്കും. അല്ലാത്ത പക്ഷം ആചാരങ്ങൾ ഉയർത്തി അവരെ തടയും. സ്വാതിതിരുനാൾ രചിച്ച പത്മനാഭശതകം കീർത്തനം പത്മനാഭസ്വാമിക്ക് മുന്നിൽ ആലപിക്കും. ഈ ആവശ്യവുമായാണ് യേശുദാസ് ഭരണസമിതിയെ സമീപിച്ചത്.
യേശുദാസിന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി നൽകണമെന്നു കേരള ക്ഷേത്ര സംരക്ഷണസമിതിയും വിശ്വഹിന്ദു പരിഷത്തും രേഖാമൂലം ക്ഷേത്ര ഭരണസമിതിയോട് ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രവിശ്വാസികളായ, ക്ഷേത്രാചാരം പാലിക്കാൻ തയാറുള്ള ആരെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു ഈ സംഘടനകളുടെ നിലപാട്.
ശബരിമല, മൂകാംബിക തുടങ്ങിയ ക്ഷേത്രങ്ങളിൽ സ്ഥിരമായി ദർശനം നടത്തുന്ന യേശുദാസിന് ഗുരുവായൂർ അടക്കം ചില ക്ഷേത്രങ്ങളിൽ പ്രവേശനത്തിന് തടസ്സമുണ്ട്. ഇന്നലെ വൈകിട്ടു ഭരണസമിതി അധ്യക്ഷൻകൂടിയായ ജില്ലാ ജഡ്ജി കെ. ഹരിപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം യേശുദാസിന്റെ അപേക്ഷ പരിഗണിച്ചു. തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരി, എക്സിക്യൂട്ടീവ് ഓഫീസർ വി. രതീശൻ, അംഗം എസ്. വിജയകുമാർ എന്നിവരടങ്ങിയ സമിതിയാണു ദർശനാനുമതി നൽകിയത്.
https://www.facebook.com/Malayalivartha