കതിരൂര്‍ മനോജ് വധക്കേസ്: ജയരാജന്‍ അടക്കം ആറുപേര്‍ക്കെതിരെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു
ആര്‍എസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്‍ അടക്കം ആറുപേര്‍ക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് യു.എ.പി.എ ചുമത്തിയതെന്നതിനാല്‍ കുറ്റപത്രം സ്വീകരിക്കരുതെന്ന പ്രതിഭാഗത്തിന്റെ വാദം നിലനില്‍ക്കെയാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി കുറ്റപത്രം സ്വീകരിച്ചത്. യു.എ.പി.എ ചുമത്തിയത് സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് പരിഗണിക്കാമെന്ന് അറിയിച്ച കോടതി, നവംബര്‍ 16ന് ജയരാജന്‍ അടക്കം ആറ് പ്രതികളും കോടതിയില്‍ ഹാജരാവണമെന്ന് നിര്‍ദേശിച്ചു.
ജയരാജനെ കൂടാതെ സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി മാവിഞ്ചേരി മധുസൂദനന്‍ (51), തലശ്ശേരി ഈസ്റ്റ് കതിരൂര്‍ കുന്നുമ്മല്‍ വീട്ടില്‍ രാജു എന്ന രാജേഷ് (37), തലശ്ശേരി മീത്തല്‍ വീട്ടില്‍ മഹേഷ് (22), ഈസ്റ്റ് കതിരൂര്‍ കുളപ്പുരത്തുകണ്ടി വീട്ടില്‍ സുനൂട്ടി എന്ന സുനില്‍ കുമാര്‍ (23), കതിരൂര്‍ ചുണ്ടകപ്പോയില്‍ മംഗലശ്ശേരി വീട്ടില്‍ വി.പി. സജിലേഷ് (24) എന്നിവരോടാണ് ഹാജരാവാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയക്കാന്‍ ഉത്തരവായത്.
മനോജിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കഴിഞ്ഞ 31നാണ് ആറ് പേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം നല്‍കിയത്. കുറ്റകൃത്യം നടന്നത്
കേരളത്തിലായതിനാല്‍ യു.എ.പി.എ ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും കേന്ദ്രത്തിന്റെ അനുമതിപത്രം മാത്രം ഹാജരാക്കിയുള്ള കുറ്റപത്രം സ്വീകരിക്കരുതെന്നുമാണ് പ്രതിഭാഗം വാദിച്ചത്. എന്നാല്‍, കേന്ദ്ര ഏജന്‍സിയായതിനാല്‍ സി.ബി.ഐക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി മാത്രം മതിയെന്നായിരുന്നു സി.ബി.ഐയുടെ നിലപാട്.
https://www.facebook.com/Malayalivartha