പി.എസ്.സി പരീക്ഷാപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുന്നു
പി.എസ്.സിയില്‍ പരീക്ഷാപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കാന്‍ പിഎസ്.സി യോഗം അംഗീകാരം നല്‍കി. ആദ്യമായി വിപുലമായ ചോദ്യശേഖരം തയ്യാറാക്കുക എന്നതാണ്. ചരിത്രം(ഹിസ്റ്ററി), ഭൂഗര്‍ഭശാസ്ത്രം(ജിയോളജി), വൈദ്യശാസ്ത്രം(മെഡിക്കല്‍) എന്നീ വിഷയങ്ങളുടെ ചോദ്യശേഖരം മൂന്നു മാസംകൊണ്ടു തയ്യാറാക്കും. ഇതിനായി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍, രജിസ്ട്രാര്‍മാര്‍, വകുപ്പു തലവന്മാര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് അധ്യക്ഷന്മാര്‍ എന്നിവരുടെ സഹായം തേടും. കൂടാതെ മറ്റു വിഷയങ്ങള്‍ക്കും ചോദ്യശേഖരം തയ്യാറാക്കും.
വിവിധ ഘട്ടങ്ങളില്‍ പരിശോധന നടത്തിയാണ് ചോദ്യശേഖരം അന്തിമമാക്കുന്നത്. ഇതു പ്രസിദ്ധപ്പെടുത്തില്ല.
കൂടുതല്‍ അപേക്ഷകരുള്ള തസ്തികകള്‍ക്ക് രണ്ടുഘട്ട പരീക്ഷ നടപ്പാക്കും. പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കു മുഖ്യപരീക്ഷ നടത്തും. ഏതൊക്കെ തസ്തികകള്‍ക്ക് ഇങ്ങനെ രണ്ടുഘട്ട പരീക്ഷ നടത്തണമെന്ന് കമ്മിഷന്‍ പിന്നീടു തീരുമാനിക്കും.
ഒരേ യോഗ്യതയുള്ള തസ്തികകള്‍ക്ക് ഏകീകൃത പ്രാഥമികപരീക്ഷ നടത്തും. വിജയികള്‍ക്ക് തസ്തിക കണക്കാക്കി വ്യത്യസ്ത മുഖ്യപരീക്ഷ നടത്തി റാങ്കുപട്ടിക തയ്യാറാക്കും.ചോദ്യശേഖരം തയ്യാറാക്കുന്നതിനനുബന്ധമായി ഈ പരിഷ്‌കാരങ്ങളും നടപ്പാക്കാനാണ് കമ്മിഷന്‍ യോഗം തീരുമാനിച്ചത്. റാങ്കുപട്ടികയില്‍നിന്നു പിന്മാറി ഊഴം ഉപേക്ഷിക്കുന്നതിനുള്ള അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ ഒപ്പ്, നോട്ടറി സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥയില്‍ മാറ്റംവരുത്തേണ്ടെന്നു ധാരണയായി.
എന്നാല്‍, ഇതിന് അപേക്ഷിക്കുന്നതിനുള്ള കാലാവധി പുനര്‍നിര്‍ണയിച്ചു. റാങ്കുപട്ടിക അംഗീകരിച്ചതു മുതല്‍ 15 ദിവസമെന്നത് റാങ്കുപട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതു മുതല്‍ 15 ദിവസം എന്നാക്കി.
https://www.facebook.com/Malayalivartha