ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശുസൗഹൃദമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശുസൗഹൃദമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീട്ടില്‍ ലഭിക്കുന്ന കരുതലും പരിചരണവും നല്‍കാന്‍ കഴിയുന്ന സ്ഥാപനങ്ങളിലാണോ കുട്ടികളെ അയയ്ക്കുന്നതെന്ന് നാം ശ്രദ്ധിക്കണം. ശിശുവിഹാര കേന്ദ്രം എന്ന സങ്കല്‍പത്തിലേക്ക് മാറണം. ഇതിന് ശരിയായ ഇടപെടലും മാനദണ്ഡങ്ങളും ആവശ്യമാണ്. ചില സ്വകാര്യ പ്രീ സ്‌കൂളുകളില്‍ വലിയ ചൂഷണം നടക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ സുരക്ഷ ഇത്തരം കേന്ദ്രങ്ങളില്‍ ഉറപ്പാക്കണം-എസ്. സി. ഇ. ആര്‍. ടി സംഘടിപ്പിച്ച പ്രീ സ്‌കൂള്‍ വിദ്യാഭ്യാസവും കുട്ടികളുടെ സംരക്ഷണവും ദേശീയ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പീഡനം നടത്തുന്ന കശ്മലന്‍മാര്‍ക്ക് കുഞ്ഞുങ്ങളെന്നോ പ്രായംചെന്നവരെന്നോ വേര്‍തിരിവില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാല്യകാലം ഏറെ പ്രധാനപ്പെട്ടതാണ്. ഈ ഘട്ടത്തിലാണ് അംഗന്‍വാടികളിലും പ്രീസ്‌കൂളുകളിലും കുഞ്ഞുങ്ങളെത്തുന്നത്. നിലവിലെ രീതിയില്‍ മൂന്നു വയസിലാണ് പഠനം ആരംഭിക്കുന്നത്. ഈ സമയത്ത് കുട്ടികള്‍ കൂടുതലും കളിപ്പാട്ടങ്ങള്‍ക്കൊപ്പമാണ്. ചുറ്റുപാടുകളെ അറിഞ്ഞ് വളരാനുള്ള അവസരം കുട്ടികള്‍ക്കുണ്ടാവണം. അംഗന്‍വാടികളിലും പ്രീസ്‌കൂളുകളിലും ഈ സാഹചര്യമുണ്ടോയെന്നത് പ്രധാനമാണ്. ഇത്തരം കേന്ദ്രങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് തടവറയാകരുത്.
മുതിര്‍ന്നവരുടെ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാതെ കുട്ടികളെ അവരുടെ ഭാവനയ്ക്കനുസരിച്ച് വിടണം. ഈ ഘട്ടത്തില്‍ കുട്ടികളെ അടക്കിയിരുത്താനാണ് മുതിര്‍ന്നവര്‍ക്ക് താത്പര്യം. പ്രകൃതിയുടെ വൈവിദ്ധ്യം മനസിലാക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് അവസരമുണ്ടാവണം. അടച്ചിട്ട മുറിക്കുപകരം തുറന്ന അന്തരീക്ഷം ഒരുക്കണം. അപ്പോഴാണ് കുട്ടികള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനാവുക-മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha