കുണ്ടറയില്‍ തൂങ്ങി മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്
കുണ്ടറയില്‍ തൂങ്ങി മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി നിരന്തരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. നിരന്തരമുള്ള പീഡനത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി മുറിയ്ക്കുള്ളിലെ ഫാനില്‍ ഷാള്‍ കുരുക്കി കെട്ടിത്തൂങ്ങി മരിച്ചതെന്നാണ് പൊലീസ് വിലയിരുത്തല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കുണ്ടറ സിഐ ജയകുമാര്‍, എസ്‌ഐ നൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി ചന്ദനത്തോപ് സ്വദേശി തെറ്റിച്ചിറവിള വീട്ടില്‍ അനന്ദു(21)നെ അറസ്റ്റ് ചെയ്തത്. ഇയാളെ കൊല്ലം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.പോക്‌സോ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇയാള്‍ മിക്കപ്പോഴും പെണ്‍കുട്ടിയുടെ വീട്ടില്‍ ചെല്ലാറുണ്ടെന്ന് അയല്‍ക്കാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനന്ദുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. ഒരു വര്‍ഷത്തിനിടയില്‍ നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ഇയാള്‍ സമ്മതിച്ചു. അനന്ദുവിനെ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പു നടത്തി.
ആത്മഹത്യാ പ്രേരണാ കുറ്റവും പ്രതിയ്‌ക്കെതിരെ ചേര്‍ത്തിട്ടുണ്ട്. 14ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു വീട്ടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. കുണ്ടറ നാന്തിരിയ്ക്കലില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ച സംഭവത്തിലും ഏറെ നാളുകള്‍ക്ക് ശേഷമാണ് പീഡനം നടന്നിരുന്നുവെന്ന വിവരം പുറത്ത് വന്നത്. ആ കേസില്‍ മരിച്ച കുട്ടിയുടെ അപ്പൂപ്പനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha