തോമസ് ചാണ്ടിയ്ക്ക് കുരുക്ക് മുറുകുന്നു; പ്രതിപക്ഷ നേതാവ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത് പണിയായി!
ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് സി.പി.എമ്മില്‍ ആവശ്യം. ഇതിന് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും. മന്ത്രിസഭാ രൂപീകരണ വേളയില്‍ തന്നെ തോമസ് ചാണ്ടിയെ മന്ത്രിയാക്കാതിരിക്കാന്‍ പിണറായി വിജയന്‍ ചരടുവലിച്ചിരുന്നു.
രമേശ് ചെന്നിത്തല തോമസ് ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് കത്ത് നല്‍കിയതാണ് സര്‍ക്കാരിന് പുലിവാലായത്. നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് വിജിലന്‍സിന് കത്ത് നല്‍കിയതിനെ തുടര്‍ന്നുണ്ടായ കേസിലാണ് കെ.എം മാണിക്ക് രാജിവയ്‌ക്കേണ്ടി വന്നത്. സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതായത് അന്വേഷണം പുര്‍ത്തിയാകുമ്പോള്‍ തോമസ് ചാണ്ടിക്ക് രാജിവയ്‌ക്കേണ്ടി വരും. കാരണം അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവുകളാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്.
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടാതിരിക്കാന്‍ ചെന്നിത്തലയെ തോമസ് ചാണ്ടി ഓപ്പറേറ്റ് ചെയ്‌തെങ്കിലും ഏഷ്യാനെറ്റിന്റെ കുരുക്കില്‍ ചെന്നിത്തല വീഴുകയായിരുന്നു. ചെന്നിത്തല തോമസ് ചാണ്ടി വിഷയത്തില്‍ ആദ്യം മുതല്‍ ഒഴിഞ്ഞു മാറുന്ന സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള എം.എല്‍.എ എന്ന നിലയില്‍ ഏഷ്യാനെറ്റ് ലേഖകന്‍ ചെന്നിത്തലയെ വളഞ്ഞു പിടിച്ചു. ഇക്കാര്യത്തില്‍ പ്രതിപക്ഷം പൊട്ടന്‍ കളിക്കുകയാണെന്നും വാര്‍ത്ത സംപ്രേക്ഷണം ചെയ്തു. ഇതെല്ലാം നടന്നിട്ടും ഉമ്മന്‍ ചാണ്ടി അതില്‍ പിടിച്ചില്ല. മാധ്യമങ്ങള്‍ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ വാഹനത്തില്‍ കയറി സ്ഥലം വിട്ടു.
അതിനിടെ തോമസ് ചാണ്ടിയുടെ ചാക്കില്‍ കയറാത്ത ചില പൊതുപ്രവര്‍ത്തകര്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. അന്വേഷണാവശ്യം കോടതിക്ക് ഏതായാലും തളളികളയാനാവില്ല. കോടതി അന്വേഷണം പ്രഖ്യാപിച്ചാല്‍ തോമസ് ചാണ്ടിക്ക് രാജിവയ്‌ക്കേണ്ടി വരും. ഇപ്പോള്‍ തീരെ ധൈര്യത്തിലല്ല മന്ത്രി. രാജി അനിവാര്യമാണെന്ന നിഗമനത്തില്‍ തന്നെയാണ് അദ്ദേഹം. തോമസ് ചാണ്ടിയെ വേട്ടയാടുന്നത് ഉഴവൂര്‍ വിജയന്റെ ആത്മാവാണെന്ന് പറയുന്നവരുമുണ്ട്. മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ സംഭവം ചിലരുടെ അധികാര മോഹത്തിന്റെ ബാക്കിപത്രമാണെന്ന് വിശ്വസിക്കുന്നവരുണ്ട്.
അതിനിടെ ഉഴവൂരിന്റെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ് എത്തി ചേര്‍ന്നിരിക്കുന്നതെന്നും സംസാരമുണ്ട്.
https://www.facebook.com/Malayalivartha