നിർമൽ കൃഷ്ണയുടെ നിക്ഷേപം 83 ബിനാമികളുടെ പേരിൽ; റിപ്പോർട്ട് ഇന്ന് ഡി.ജി.പിക്ക്
നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച 600 കോടി രൂപയുമായി മുങ്ങിയ നിര്‍മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പ് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഐ.ജി എസ്.ശ്രീജിത്ത് വ്യാഴാഴ്ച സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കും.
83 ബിനാമികളുടെ പേരിലാണ് ചിട്ടിയുടമ നിര്‍മ്മലന്‍, ചിട്ടിയില്‍നിന്നുള്ള വരുമാനം നിക്ഷേപിച്ചിരിക്കുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. നിര്‍മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള പരാതികളില്‍ കേരള പോലീസിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം.
തട്ടിപ്പ് നടത്തിയ ധനകാര്യസ്ഥാപനത്തിന്റെ ആസ്ഥാനം തമിഴ്‌നാടാണ്. മാത്രമല്ല, തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം തമിഴ്‌നാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഒരു ക്രിമിനല്‍ കുറ്റവുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നാണ് ചട്ടം. തമിഴ്‌നാട് പോലീസ് എടുത്ത കേസുമായി സഹകരിച്ച് സംയുക്ത അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇക്കാര്യങ്ങള്‍ വ്യാഴാഴ്ച ഡി.ജി.പി.ക്ക് സമര്‍പ്പിക്കുന്ന പ്രാഥമിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.
നിര്‍മല്‍ കൃഷ്ണ ചിട്ടി കമ്പനിയില്‍ ഒരു ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം വരെയുള്ള നിക്ഷേപകര്‍ മാത്രമാണ് പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുള്ളത്. ഒരു കോടിയിലധികം രൂപ നിക്ഷേപിച്ച നിരവധിയാളുകള്‍ ഉണ്ടെന്നാണ് സൂചന. സ്ഥാപനത്തില്‍ നിന്നും ചിട്ടി പിടിച്ച തുകകള്‍ നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് പുറമെ പണം സമ്പാദ്യമായി നിക്ഷേപിച്ചിട്ടുള്ളവരുമുണ്ട്. ഏകദേശം പതിനായിരത്തില്‍പ്പരം നിക്ഷേപകരുണ്ടെന്നാണ് സൂചന.
ചിട്ടി തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവരുടേയും ഈ ധനകാര്യസ്ഥാപനത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ള മുഴുവന്‍ വ്യക്തികളുടേയും വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചുതുടങ്ങി.
https://www.facebook.com/Malayalivartha