സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രതിരിച്ച തീര്‍ഥാടകരുടെ മടക്കയാത്ര ഇന്നു മുതല്‍
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രതിരിച്ച തീര്‍ഥാടകരുടെ മടക്കയാത്ര വ്യാഴാഴ്ച മുതല്‍ പ്രാദേശികസമയം ബുധനാഴ്ച രാത്രി 10.10ന് മദീന വിമാനത്താവളത്തില്‍നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ തിരിച്ച ആദ്യസംഘം ഹാജിമാര്‍ വ്യാഴാഴ്ച പുലര്‍ച്ച 5.45നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുക. ഈ വിമാനത്തില്‍ 300 പേരാണ് ഉണ്ടാവുക. ഹാജിമാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെ ടി 3 ടെര്‍മിനലില്‍ വിപുല ഒരുക്കമാണ് നടത്തിയിട്ടുള്ളത്.
ഹാജിമാര്‍ക്ക് വിശ്രമിക്കാനും നമസ്‌കരിക്കാനുമുള്ള സൗകര്യം ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്. ലഘുഭക്ഷണവും ഇവിടെനിന്ന് നല്‍കും. എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ഹാജിമാരെ ലഗേജുകള്‍ അടക്കം വളന്റിയര്‍മാര്‍ ഹജ്ജ് ഹെല്‍പ് ഡെസ്‌കില്‍ എത്തിക്കും. ടെര്‍മിനലിന്റെ വടക്ക് 19, 20 നമ്പര്‍ തൂണുകള്‍ക്കിടയിലാണ് ഹെല്‍പ് ഡെസ്‌ക്. അഞ്ച് ലിറ്റര്‍ വീതം സംസം വെള്ളം ഹാജിമാര്‍ക്ക് ഇവിടെനിന്ന് വിതരണം ചെയ്യും. ഹെല്‍പ് ഡെസ്‌ക്കില്‍നിന്നാണ് ബന്ധുക്കള്‍ ഹാജിമാരെ സ്വീകരിക്കുന്നത്. ഹാജിമാര്‍ക്ക് ഒരുബുദ്ധിമുട്ടും ഉണ്ടാകാതെ, മറ്റുയാത്രക്കാരുമായി കൂടിക്കലരാത്ത വിധത്തിലാണ് സജ്ജീകരണങ്ങള്‍ ചെയ്തിരിക്കുന്നത്.
മടക്കയാത്രക്ക് 39 സര്‍വിസാണ് സൗദി എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 38 വിമാനങ്ങളില്‍ 300 പേര്‍ വീതവും അവസാന വിമാനത്തില്‍ 407 പേരുമാണ് എത്തുക. നെടുമ്പാശ്ശേരിയില്‍നിന്ന് പുറപ്പെട്ട അതേ ക്രമത്തിലാണ് മടക്കയാത്രയും. ആഗസ്റ്റ് 13ന് തിരിച്ച ആദ്യ വിമാനത്തില്‍ പുറപ്പെട്ടവരാണ് വ്യാഴാഴ്ച ആദ്യ വിമാനത്തില്‍ മടങ്ങിയെത്തുന്നത്. വെള്ളിയാഴ്ച മൂന്ന് വിമാനത്തില്‍ 900 പേര്‍ എത്തും.
ഹാജിമാരുടെ മടക്കയാത്ര സംബന്ധിച്ച ക്രമീകരണങ്ങള്‍ക്ക് ഹജ്ജ് സെല്ലിന്റെ പ്രവര്‍ത്തനം വിമാനത്താവളത്തില്‍ ആരംഭിച്ചു. ഹാജിമാരുടെ സേവനത്തിന് മെഡിക്കല്‍ സംഘവും ടെര്‍മിനലില്‍ ക്രമീകരിച്ചിട്ടുണ്ട്. അടിയന്തര ചികിത്സ വേണ്ട ഹാജിമാരെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കുന്നതിന് മുഴുസമയ ആംബുലന്‍സ് സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha