സംസ്ഥാനത്ത് പുതുതായി 18 ഇ.എസ്.ഐ ഡിസ്പന്‍സറികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി
സംസ്ഥാനത്ത് 18 ഇ.എസ്.ഐ ഡിസ്പന്‍സറികള്‍ കൂടി ആരംഭിക്കാന്‍ സര്‍ക്കാരിന്റെ അനുമതി. ഇതോടെ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമായ രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് കൂടി ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഇ.എസ്.ഐ പ്രത്യേക സ്‌കീം പ്രകാരം രാജ്യത്തെ എല്ലാ റവന്യു ജില്ലകളിലും ഇ.എസ്.ഐ ഡിസ്പന്‍സറികള്‍ അനുവദിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തും പുതിയ ഡിസ്പന്‍സറികള്‍ക്ക് അനുമതി ലഭിച്ചത്.
നിലവില്‍ സംസ്ഥാനത്ത് ഡിസ്പന്‍സറികളില്ലാത്ത ഒരു ജില്ലയുമില്ല. ഇ.എസ്.ഐ പരിരക്ഷ ലഭിക്കേണ്ട 2000 മുതല്‍ 3000 വരെ തൊഴിലാളികളുള്ളതാണ് ആറ് ഡിസ്പന്‍സറികള്‍. 2000 ല്‍ താഴെ തൊഴിലാളികളുള്ളതാണെങ്കിലും ഭാവിയിലെ വര്‍ദ്ധന കൂടി കണക്കിലെടുത്താണ് ശേഷിക്കുന്ന 12 എണ്ണത്തിനുള്ള അനുമതി.
പുതുതായി അനുവദിച്ച ഡിസ്പന്‍സറികള്‍ ജില്ല തിരിച്ച്
മുക്കം, ബാലുശ്ശേരി, താമരശ്ശേരി (കോഴിക്കോട്)
സുല്‍ത്താന്‍ബത്തേരി, മാനന്തവാടി (വയനാട്)
കുളത്തൂപ്പുഴ (കൊല്ലം)
മൂന്നാര്‍, പീരുമേട്, അടിമാലി, കട്ടപ്പന, കുമിളി (ഇടുക്കി)
ആലത്തൂര്‍, മണ്ണാര്‍ക്കാട്, കൂറ്റനാട് (പാലക്കാട്)
റാന്നി (പത്തനംതിട്ട)
കൂത്താട്ടുകുളം (എറണാകുളം)
വെഞ്ഞാറമൂട് (തിരുവനന്തപുരം)
മണ്ണാര്‍ക്കാട് (മലപ്പുറം)
പുതുതായി തുടങ്ങുന്ന ഡിസ്പന്‍സറികളില്‍ ഒരു ഡോക്ടറും എട്ട് സ്റ്റാഫും അടക്കം 9 ജീവനക്കാരുണ്ടാകും. വാടകകെട്ടിടങ്ങളിലാകും പ്രവര്‍ത്തനം തുടങ്ങുക. ആദ്യ മൂന്ന് വര്‍ഷം ഇതിനുള്ള പ്രവര്‍ത്തന ചെലവ് ഇ.എസ്.ഐ കോര്‍പ്പറേഷന്‍ വഹിക്കും. 2017 ജൂലായ് 31 വരെയുള്ള കണക്ക് പ്രകാരം 11.4 ലക്ഷം തൊഴിലാളികള്‍ക്കാണ് ഇ.എസ്.ഐ യുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നത്. ഒരു തൊഴിലാളി കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിരക്ഷയ്ക്ക് അര്‍ഹതയുള്ളതിനാല്‍ 55 ലക്ഷത്തോളം പേര്‍ക്ക് പ്രയോജനം ലഭിക്കും
.
പുതുതായി രണ്ടര ലക്ഷം പേര്‍ക്ക് കൂടി ചേര്‍ത്താല്‍ ആനുകൂല്യം ലഭിക്കുക 57.5 ലക്ഷം പേര്‍ക്ക്. ഇ.എസ്.ഐ പരിരക്ഷയുള്ള തൊഴിലാളി ചികിത്സയ്ക്കും അവധി അപേക്ഷ അടക്കമുള്ളവയ്ക്കായി സമീപിക്കേണ്ടത് ഡിസ്പന്‍സറികളെയാണ്. പുതുതായി ആരംഭിക്കുന്ന ഡിസ്പന്‍സറികളിലേക്ക് ഡോക്ടര്‍മാരെയും ജീവനക്കാരെയും കരാറടിസ്ഥാനത്തിലോ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ നിയമിക്കും.
https://www.facebook.com/Malayalivartha