പള്‍സര്‍ സുനിയുടെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും; രഹസ്യമൊഴി നല്‍കണമെന്ന ആവശ്യവുമായി സുനി
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സുനിയെ ഇന്ന് ഹാജരാക്കും. അതേസമയം തനിക്ക് രഹസ്യമൊഴി നല്‍കണമെന്ന് സുനി കോടതിയില്‍ ആവശ്യപ്പെടാന്‍ സാധ്യയുണ്ട്.
ഇതിനിടെ സുനി നല്‍കിയിരിക്കുന്ന ജാമ്യാപേക്ഷ 26നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കാവ്യമാധവന്റെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ 26നും പരിഗണിക്കും. ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം ഒക്ടോബര്‍ എട്ടിന് കോടതിയില്‍ സമര്‍പ്പിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഗൂഢാലോചന, കൂട്ടബലാത്സംഗം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമതിക്കൊണ്ടുള്ള കുറ്റപത്രമായിരിക്കും സമര്‍പ്പിക്കുക.
നേരത്തെ, നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പ്രതിയാക്കി പൊലീസ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ ഏഴിന് കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ വിചാരണ ഉടന്‍ ആരംഭിക്കണമെന്നും അല്ലെങ്കില്‍ തനിക്ക് ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പള്‍സര്‍ സുനി ഹൈക്കോടതിയെ സമീപിച്ചത്. ദിലീപ് അറസ്റ്റിലായി 88 ദിവസം തികയുന്ന ദിവസമാണ് ഒക്ടോബര്‍ എട്ട്.
അറസ്റ്റ് ചെയ്യപ്പെട്ട് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് സ്വാഭാവിക ജാമ്യം ലഭിക്കും. ഇതിനാലാണ് 90 ദിവസം തികയുന്നതിന് രണ്ട് ദിവസം മുന്‍പ് കുറ്റപത്രം നല്‍കുന്നത്. കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കിട്ടിയിട്ടില്ല. ഇതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരേണ്ടതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ചാലും ദിലീപിനെതിരായ അന്വേഷണം തുടരും.
ഇക്കാര്യം കുറ്റപത്രത്തില്‍ അന്വേഷണസംഘം വ്യക്തമാക്കും. ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് മൂന്നാം തവണയും ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് കുറ്റപത്രം പൊലീസ് സമര്‍പ്പിക്കുന്നത്. മൂന്നാംതവണ ദിലീപ് നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഈമാസം 26 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. രണ്ടു തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയെയും ജാമ്യം തേടി ദീലീപ് സമീപിച്ചിരുന്നു.
https://www.facebook.com/Malayalivartha